റിയാദ്: ഈദ് ദിനത്തില്‍ സംഗീത വിരുന്നൊരുക്കി കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍. പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ നേതൃത്വം നല്‍കുന്ന ഈദ് വിത്ത് സിത്താരം-2022 പരിപാടി മെയ് 2ന് അരങ്ങേറും. സിത്താരയുടെ മ്യൂസിക് ട്രൂപായ മലബാറിക്കസ് ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് സംഗീത വിരുന്ന്. അല്‍ നവറസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7ന് പരിപാടി ആരംഭിക്കും. ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട് പങ്കെടുക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നന്മയിലൂടെ സൗഹൃദം; സൗഹൃദത്തിലൂടെ കാരുണ്യം എന്ന പ്രമേയത്തില്‍ വിവിധ രാജ്യങ്ങളില്‍ 10 ചാപ്റ്ററുകളാണ് കൊയിലാണ്ടി കൂട്ടത്തിനുളളത്. കൂട്ടായ്മയുടെ പത്താം വാര്‍ഷികയും റിയാദ് ചാപ്റ്ററിന്റെ ഏഴാം വാര്‍ഷികവും പ്രമാണിച്ചാണ് സംഗീത വിരുന്ന് ഒരുക്കുന്നത്. സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് രാം പ്രസാദ് മുഖ്യാതിഥിയായിരിക്കും. സൗദി പൗരപ്രമുഖര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി, സെക്രട്ടറി നിബിന്‍ ലാല്‍ ഇന്ദ്രനീലം, ട്രഷറര്‍ ഷഹീന്‍ തൊണ്ടയില്‍, പ്രോഗ്രാം കണ്‍വീനര്‍ ഷബീര്‍ വലിയകത്ത്, കോ ഓര്‍ഡിനേറ്റര്‍ നൗഷാദ് എ കെ, ഉപദേശക സമിതി അംഗം ഷാഹിര്‍ കാപ്പാട് എന്നിവര്‍ പങ്കെടുത്തു.