റിയാദ്: മൂന്ന് പതിറ്റാണ്ടിലേറെ നാടു കാണാതെ പ്രവാസം തുടര്‍ന്ന കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാനുളള ശ്രമം വിജയത്തിലേക്ക്. കേളി സാംസ്‌കാരിക വേദി എംബസിയുടെ സഹായത്തോടെ നടത്തിയ നടപടിക്രമങ്ങളാണ് കൊല്ലം പുനലൂര്‍ സ്വദേശി ബാലചന്ദ്രന്‍ പിള്ളക്ക് തുണയാകുന്നത്.
1992ല്‍ റിയാദിലെ അല്‍ ഖര്‍ജില്‍ ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ക്കാണ് ബാലചന്ദ്രന്‍ എത്തിയത്.ഖര്‍ജില്‍ നിന്നു റിയാദിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞ് സ്‌പോണ്‍സര്‍ മരിച്ചു. ഇതോടെ പാസ്‌പോര്‍ട്ട് നഷ്ട്ടപ്പെട്ടു. പാസ്‌പോര്‍ട്ട് നേടാനോ ഇഖാമ പുതുക്കാനോ പുതിയ സ്‌പോണ്‍സറെ കണ്ടെത്താനോ ശ്രമിച്ചില്ലെന്ന് ബാലചന്ദ്രന്‍ പറയുന്നു. 20 വര്‍ഷം റിയാദിന്റെ പല ഭാഗങ്ങളിലായി ജോലി ചെയ്തു. സ്ഥിരമായി ഒരു സ്ഥലത്ത് ജോലി ചെയ്യുന്ന സ്വഭാവം ബാലചന്ദ്രന് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ വിവരങ്ങള്‍ കൂട്ടുകാര്‍ക്കും അറിയില്ല.
കൊവിഡ് കാലത്താണ് ബാലചന്ദ്രന്‍ നിയമ കുരുക്കില്‍ പെടുന്നത്. കൊവിഡ് ബാധിച്ചതോടെ ശരിയായ ചികിത്സ തേടിയില്ല. സ്വയം ചികിത്സയും മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും സുഹൃത്തുക്കള്‍ വഴിയും മരുന്നുകള്‍ തരപ്പെടുത്തി കൊവിഡിനെ അതിജീവിച്ചു. എങ്കിലും ആരോഗ്യം വീണ്ടെടുക്കാനായില്ല. ഇതോടെ നാട്ടില്‍ പോകാന്‍ ആലോചന തുടങ്ങി. എന്നാല്‍ മുപ്പത് വര്‍ഷം മുമ്പ് റിയാദില്‍ എത്തിയതായി തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ ബാലചന്ദ്രന് സാധിച്ചില്ല. ബാലചന്ദ്രന്‍ പ്രവാസം തുടങ്ങിയ കാലത്ത് വിരലടയാളം എയര്‍പോര്‍ട്ടില്‍ രേഖപ്പെടുത്തി തുടങ്ങിയിട്ടുമില്ല. ചികിത്സ, മടക്കയാത്ര എന്നിവക്കെല്ലാം രേഖകള്‍ ആവശ്യമായിരുന്നു.
ബാലചന്ദ്രന്റെ ദയനീയ അവസ്ഥ സുഹൃത്തുക്കള്‍ കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകരെ അറിയിച്ചു. കേളി പ്രവര്‍ത്തകര്‍ ചികിത്സക്ക് ഹയാത്ത് നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ എംബസ്സിയില്‍ വിവരം ധരിപ്പിക്കുകയും ചെയ്തു.
എംബസ്സിയുടെ ഇടപെടലിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സ ഉറപ്പു വരുത്തി. സുമേഷിയിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുകയും ചെയ്തു.
കേളി ജീവകാരുണ്യ വിഭാഗം ഇദ്ദേഹത്തിന്റെ രേഖകള്‍ ശരിയാക്കുന്നതിന് ലേബര്‍ ഓഫീസ്, നാടുകടത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കി. സൗദിയിലെത്തിയതിന്റെ തെളിവ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ രണ്ടു തവണ അപേക്ഷ തള്ളി. നാടുകടത്തല്‍ കേന്ദ്രത്തില്‍ വിരലടയാളം രേഖപ്പെടുത്താനുള്ള ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടു. മൂന്നാം തവണ നടത്തിയ ശ്രമം വിജയിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
ഭാര്യയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്ന ബാലചന്ദ്രന്‍ അവരെ സംരക്ഷിച്ചില്ല. അതുകൊണ്ടുതന്നെ വീട്ടുകാര്‍ സ്വീകരിക്കാന്‍ ഒരുക്കമല്ല. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന് കീഴിലെ ഏതെങ്കിലും വൃദ്ധ സദനത്തില്‍ എത്തിക്കാനാണ് കേളി പ്രവര്‍ത്തകരുടെ ശ്രമം. അതിന് കേരള പ്രവാസി സംഘം കൊല്ലം ജില്ലാ ഘടകവുമായി ഏകോപനം നടത്തിവരുകയാണ് കേളി പ്രവര്‍ത്തകര്‍.