റിയാദ്: സിനിമാ വ്യവസായ മേഖലയില്‍ ഇന്ത്യാ-സൗദി സഹകരണം ശക്തമാക്കാനൊരുങ്ങി സൗദി സാംസ്‌കാരിക മന്ത്രാലയം. ഇതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങി ബോളി വുഡ് താരങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. ബോളിവുഡ് താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദവും സന്തോഷം പകരുന്നതുമാണ്. സിനിമാ വ്യവസായ രംഗത്ത് കൂടുതല്‍ അവസരം സൃഷ്ടിക്കും. ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച മന്ത്രി വ്യക്തമാക്കി.
സൗദിയില്‍ ചലചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് 88 കോടി റിയാലിന്റെ പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഫണ്ടിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചലച്ചിത്ര നിര്‍മാണത്തിനുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ മേഖലയിലേക്ക് കടന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘ഫിലിം സെക്ടര്‍ ഫിനാന്‍സിങ് പ്രോഗ്രാം’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ സിനിമാ വ്യവസായ മേഖലയില്‍ ഗുണപരമായ മുന്നേറ്റത്തിന് പദ്ധതി സഹായിക്കും. പ്രാദേശിക സിനിമാ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിയും.
സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ ഉള്‍പ്പെടെ മുഴുവന്‍ മേഖലകളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇത് മത്സരക്ഷമത വര്‍ദ്ധിക്കാന്‍ ഇടവരുത്തും. ഇതുവഴി ഗുണമേന്മയുളള സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ കഴിയും. നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ ധനസഹായത്തിനുളള അപേക്ഷകള്‍ സ്വീകരിക്കുകയും അര്‍ഹരായവര്‍ക്ക് സഹായ വിതരണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.