സൗദി തലസ്ഥാന നഗരിയെ ആഘോഷ ലഹരിയിലാഴ്ത്തിയ റിയാദ് സീസണ്‍ ആഘോഷ പരിപാടികള്‍ അന്തിമ ഘട്ടത്തിലേക്ക്. അഞ്ചു മാസത്തിലേറെയായി തുടരുന്ന ആഘോഷങ്ങള്‍ക്ക് റിയാദിലെ 14 മേഖലകളിലാണ് വേദി ഒരുങ്ങിയത്. ഇതുവരെ ഒന്നര കോടി ജനങ്ങള്‍ ആഘോഷ പരിപാടികളില്‍ പങ്കാളികളായി
സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20ന് ആണ് ‘ഇമാജിന്‍ മോര്‍’ എന്ന പ്രമേയത്തില്‍ റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ 54 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ തയ്യാറാക്കിയ 7500 കലാ വിരുന്നുകള്‍ക്കാണ് റിയാദ് സീസണ്‍ സാക്ഷ്യം വഹിച്ചത്.
റിയാദ് ബോളിവാഡ്, സോണ്‍-2 വയ റിയാദ്, കോംബാറ്റ് ഫീല്‍ഡ്, വിന്റര്‍ വണ്ടര്‍ലാന്റ്, അല്‍ മുറബ, റിയാദ് സഫാരി, റിയാദ് ഒയാസിസ്, ദി ഗ്രോവ്‌സ്, നബദ് അല്‍ റിയാദ്, സമാന്‍ വില്ലേജ്, അല്‍ സലാം ട്രീ, ഖലൂഹ എന്നിങ്ങനെയാണ് റിയാദ് സീസണ്‍ അരങ്ങേറിയ 14 സോണുകള്‍.
70 അറബ് സംഗീതകച്ചേരികള്‍, ആറ് അന്താരാഷ്ട്ര സംഗീത വിരുന്നുകള്‍, പത്ത് അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, 350 കലാ പ്രകടനങ്ങള്‍, 18 അറബ് നാടകങ്ങള്‍, ആറ് അന്താരാഷ്ട്ര നാടകങ്ങള്‍, ഫ്രീറെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ്, അന്താരാഷ്ട്ര മത്സരങ്ങള്‍, 100 സര്‍ഗ സംവാദങ്ങള്‍, എന്നിവയാണ് റിയാദ് സീസണിന്റെ ഭാഗമായി അരങ്ങേറിയത്. 200 റെസ്‌റ്റോറന്റുകള്‍, 70 കഫേകള്‍ എന്നിവയും റിയാദ് സീസണിന്റെ ഭാഗമായി. പരിപാടി നടക്കുന്ന 14 മേഖലകളില്‍ നാല് എണ്ണത്തില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു.
ഈ വര്‍ഷം അരങ്ങേറിയ റിയാദ് സീസണില്‍ ദബാംഗ് എന്ന പേരില്‍ അവതരിപ്പിച്ച നൃത്ത, സംഗീത വിരുന്നില്‍ സല്‍മാന്‍ ഖാന്‍ പങ്കെടുത്തത് ഇന്ത്യക്കാര്‍ക്കും അഭിമാനമായി. സംഗീതവും ചടുല നൃത്തങ്ങളും മേളപ്പെരുക്കം തീര്‍ത്ത പരിപാടി റിയാദിലെ കാണികള്‍ക്ക് അവിസ്മരണീയ രാവാണ് സമ്മാനിച്ചത്. ജനഹൃദയങ്ങളില്‍ പാടിപ്പതിഞ്ഞ ഹിന്ദി സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത വിരുന്നിന് സല്‍മാന്‍ ഖാന് പുറമെ ശില്‍പാ ഷെട്ടി, പ്രഭുദേവ എന്നിവര്‍ ചുവടുവെച്ചു. നൂറിലധികം നര്‍ത്തകര്‍ കൂടി ഒപ്പം ചേര്‍ന്നപ്പോള്‍ അവിസ്മരണീയ ദൃശ്യവിരുന്നിനാണ് റിയാദ് ബോളിവാര്‍ഡ് ഇന്റര്‍നാഷണല്‍ അരീന സാക്ഷ്യം വഹിച്ചത്.
ഇന്ത്യയില്‍ നിന്ന് ആയുഷ് ശര്‍മ, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സായ് മഞ്ജരേക്കര്‍, ഗായകന്‍ ഗുരു രണദേവ്, ഹാസ്യനടന്‍ സുനില്‍ ഗ്രോവര്‍, മനീഷ് പോള്‍ എന്നിവരും ദബാംഗ് സ്‌റ്റേജ് ഷോയില്‍ പങ്കെടുത്തു. സ്ത്രീകള്‍ ഉള്‍പ്പെടെ അറബ് നാടുകളിലെ പൗരന്‍മാര്‍ക്കു പുറമെ, ഇന്ത്യ, ബംഗഌദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുളളള വന്‍ ജനാവലിയാണ് പരിപാടി ആസ്വദിക്കാന്‍ എത്തിയത്.
റിയാദ് സീസണിന്റെ ഭാഗമായി സൗദി ജനറല്‍ എന്റെൈര്‍ന്‍മെന്റ് അതോറിറ്റി പ്രഖ്യാപിച്ച രണ്ടാമത് ജോയ് അവാര്‍ഡുകളില്‍ പഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡിന് ബോളിവുഡ് താരം സല്‍മാന്‍ അര്‍ഹനായി. സിനിമ, സംഗീതം, സാമൂഹിക സ്വാധീനം, കായികം, നാടകം എന്നീ അഞ്ച് വിഭാഗങ്ങളിലായി 15 പ്രമുഖരെയാണ് ആദരിച്ചത്. ഏറ്റവും മികച്ച ടെലിവിഷന്‍ അവതാരകനായി സൗദിയിലെ യാകൂബ് അല്‍ ഫര്‍ഹാന് പുരസ്‌കാരം സമ്മാനിച്ചു. യൂടൂബറും സംഗീത പ്രതിഭയുമായ സൗദിയിലെ സെന ഇമാദും പുരസ്‌കാരത്തിന് അര്‍ഹയായി. അന്താരാഷ്ട്ര വിഭാഗത്തിലാണ് പഴ്‌സനാലിറ്റി ഓഫ് ദി ഇയറായി സല്‍മാന്‍ ഖാനെ തെരഞ്ഞെടുത്തത്.
മരണാനന്തര ബഹുമതിയായി ഈജിപ്ഷ്യന്‍ താരദമ്പതികളായ സാമിര്‍ ഗാനെം, ദലാല്‍ അബ്ദുല്‍ അസിസ് എന്നിവരുടെ ഉപഹാരം മകളും നടിയുമായ ആമെര്‍ ഗാനെത്തിനും സമ്മാനിച്ചു.
റിയാദ് സീസണ്‍ പരിപാടികളിലെ മുഖ്യ ആകര്‍ഷകങ്ങളില്‍ ഒന്നായിരുന്നു ഗ്രോവ്‌സ് എന്ന പേരില്‍ ഡിപ്‌ളോമാറ്റിക് ക്വാര്‍ട്ടറിലെ ഉദ്യാനത്തിലാണ് പ്രത്യേക ആഘോഷ പരിപാടികള്‍. അറബ് നാടിന്റെ ആതിഥ്യവും ആഗോള രുചിവൈവിധ്യങ്ങളും സമന്വയിപ്പിച്ച ഫുഡ് സ്ട്രീറ്റ് ആയിരുന്നു ഇവിടുത്തെ കൗതുക കാഴ്ചകള്‍.
രാജ്യാതിര്‍ത്തി കടന്ന അനുഭവമാണ് ഗ്രോവേസ് ഉദ്യാനത്തിലേക്ക് കടന്നാല്‍ ലഭ്യമാവുക. പാശ്ചാത്യ നാടിനെ അനുസ്മരിക്കുന്ന ഭക്ഷണ തെരുവ്. അറബിക് ഗഹ്‌വയും സ്പാനിഷ് ലാത്തെയും തുര്‍ക്കിഷ് കോഫിയും തുടങ്ങി ആഗോള ഭക്ഷ്യ വിഭവങ്ങളും പാനീയങ്ങളും സുലഭം. നഗര ഹൃദയത്തില്‍ ഡിപ്‌ളോമാറ്റിക് ക്വാര്‍ട്ടറിലുളള അല്‍ ഖുസാമ ഉദ്യാനമാണ് ഗ്രോവ്‌സ് വേദിയാക്കി മാറ്റിയത്.
അന്താരാഷ്ട്ര ഭക്ഷ്യ വിഭവ ശൃംഖലകളുടെ ഔട്‌ലെറ്റുകള്‍, അത്യാഡംബര റെസ്‌റ്റോറന്റുകള്‍ എന്നിവയാണ് ഇവിടുത്തെ പ്രത്യേകത. വിവിധ കലാപ്രകടനങ്ങള്‍ക്ക് പ്രത്യേക വേദിയും ഒരുക്കിയിരുന്നു. സുഗന്ധദ്രവ്യങ്ങള്‍, വസ്ത്ര ശേഖരങ്ങള്‍, ചിത്ര രചന, പെയ്ന്റിങ്ങ് തുടങ്ങി ഗ്രോവ്‌സിനെ വൈവിധ്യങ്ങളുടെ പൂന്തോട്ടക്കാഴ്ചയാക്കി മാറ്റി.
സന്ദര്‍ശകര്‍ക്ക് വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരാനും മറ്റുളളവരുടെ പെറ്റുകളുമായി ഇടപഴകാനും ‘ലൂക ലാന്‍ഡ്’ എന്ന പേരില്‍ പ്രതേക കോംമ്പൗണ്ടും ഒരുക്കി. ഇവയെ പരിചരിക്കാനും ഭക്ഷണം നല്‍കാനും പരിശീലനം നേടിയവരുടെ സേവനവും ലഭ്യം. സന്ദര്‍ശകര്‍ക്ക് നവ്യ അനുഭങ്ങള്‍ സമ്മാനിക്കുന്ന നിരവധി കാഴ്ചകളാണ് ഗ്രോവ്‌സില്‍ ഒരുക്കിയത്.
സുഗന്ധ സൗന്ദര്യത്തിന്റെ വേറിട്ട അനുഭവം സമ്മാനിക്കുന്നതായിരുന്നു റിയാദ് സീസണിന്റെ ഭാഗമായി അരങ്ങേറിയ പെര്‍ഫ്യൂം എക്‌സിബിഷന്‍. അത്തറും സുഗന്ധദ്രവ്യങ്ങളും അറബികളുടെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സുഗന്ധദ്രവ്യങ്ങളുടെ മികച്ച വിപണികളിലൊന്നാണ് സൗദി അറേബ്യ. ഇതു തിരിച്ചറിഞ്ഞാണ് പെര്‍ഫ്യം എക്‌സിബിഷന് റിയാദ് ഫ്രണ്ട് എക്‌സിബിഷന്‍ സെന്റര്‍ വേദിയായത്.
ദേശീയ, അന്തര്‍ദേശീയ രംഗത്തുളള 200 ലധികം കമ്പനികള്‍ പ്രദര്‍ശനത്തില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യയില്‍ നിന്ന് അജ്മല്‍ പെര്‍ഫ്യൂം കമ്പനി പ്രദര്‍ശനത്തില്‍ പങ്കാളികളായി. അന്തര്‍ദേശീയ ബ്രാന്റുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുളള അവസരവും മേളയില്‍ ഒരുക്കിയിരുന്നു.
ഇന്ത്യയുടെ സുഗന്ധവൃക്ഷം എന്നറിയപ്പെടുന്ന അഗര്‍വുഡ് പ്രമുഖ സ്റ്റാളുകളിലെല്ലാം പ്രദര്‍ശനത്തിനും വില്‍പ്പനക്കും എത്തച്ചിരുന്നു. കിലോ ഗ്രാമിന് 2000 മുതല്‍ രണ്ട് ലക്ഷം റിയാല്‍ വരെ വിലയുള്ള അഗര്‍വുഡുകളാണ് മേളയില്‍ പ്രദര്‍ശനത്തിനും വിത്പ്പനക്കും എത്തിച്ചത്.
റിയാദ് സീസണ്‍ സന്ദശിച്ച വിദേശികളിലേറെയും ബ്രിട്ടണില്‍ നിന്നുളള ടൂറിസ്റ്റുകളാണ്.
104 രാജ്യങ്ങളില്‍ നിന്നുള്ള 40,000 ടൂറിസ്റ്റുകള്‍ക്ക് ആദ്യ മാസം തന്നെ വിസ അനുവദിച്ചു. ബ്രിട്ടനില്‍ നിന്ന് 9200 വിനോദ സഞ്ചാരികളാണ് ആദ്യ ഘട്ടത്തില്‍ റിയാദിലെത്തിയത്. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുളള ടൂറിസ്റ്റുകളും വിനോദ നഗരിയില്‍ എത്തി. ലോക രാജ്യങ്ങളില്‍ കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും റിയാദിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സൗദി സമ്പദ് ഘടനയിലും വലിയ ചുവടുവെപ്പാണ് റിയാദ് സീസണ്‍ സമ്മാനിച്ചത്. ഒരു മാസത്തിനിടെ 1.22 ലക്ഷം തൊഴിലവസരം ലഭ്യമാക്കി്. 37,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 85,000 പരോക്ഷ തൊഴിലുകളും സൃഷ്ടിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, സ്വകാര്യ മേഖലക്ക് നിക്ഷേപാവസരം ഒരുക്കാനും സാധ്യമായി. വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യം കാണുന്നതിന് നിര്‍ണായക പങ്കുവഹിക്കാന്‍ റിയാദ് സീസണ്‍ പരിപാടികള്‍ക്ക് കഴിഞ്ഞെന്നും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി.