online-malayalam
Edit Content
online-malayalam-landscape-FINAL

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Sections

Contact Info

ബോളിവുഡ് സൗദിയിലേക്ക്; താരങ്ങളെ തേടി മന്ത്രി

വിനോദ വ്യവസായത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സൗദി അറേബ്യ. സ്‌റ്റേജ് ഷോകള്‍ക്ക് പുറമെ സിനിമാ വ്യവസായ മേഖലയിലും വന്‍ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബോളിവുഡ് താരങ്ങളുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. സൗദിയിലെ സിനിമാ വിശേഷങ്ങളാണ് ഇനി.

സിനിമാ വ്യവസായ മേഖലയില്‍ ഇന്ത്യാ-സൗദി സഹകരണം ശക്തമാക്കാനൊരുങ്ങുകയാണ് സൗദി സാംസ്‌കാരിക മന്ത്രാലയം. ഇതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങി ബോളി വുഡ് താരങ്ങളുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.

ബോളിവുഡ് താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദവും സന്തോഷം പകരുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. സിനിമാ വ്യവസായ രംഗത്ത് കൂടുതല്‍ അവസരം സൃഷ്ടിക്കും. താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ മന്ത്രി ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.

സൗദിയില്‍ ചലചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് 88 കോടി റിയാലിന്റെ പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഫണ്ടിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചലച്ചിത്ര നിര്‍മാണത്തിനുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ മേഖലയിലേക്ക് കടന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

‘ഫിലിം സെക്ടര്‍ ഫിനാന്‍സിങ് പ്രോഗ്രാം’ എന്ന പേരിലാണ് പദ്ധതി. രാജ്യത്തെ സിനിമാ വ്യവസായ മേഖലയില്‍ ഗുണപരമായ മുന്നേറ്റത്തിന് പദ്ധതി സഹായിക്കും. പ്രാദേശിക സിനിമാ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിയും.

സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ ഉള്‍പ്പെടെ മുഴുവന്‍ മേഖലകളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മികച്ച ചിത്രങ്ങള്‍ക്ക് ധനസഹായം നല്‍കും. ഇത് മത്സരക്ഷമത വര്‍ദ്ധിക്കാന്‍ ഇടവരുത്തും. ഇതോടെ ഗുണമേന്മയുളള സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ കഴിയും.

സ്വദേശികളായ തിരകഥാകൃത്തുക്കള്‍, അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ദര്‍, പ്രൊഡക്ഷന്‍ കമ്പനികള്‍ തുടങ്ങി എല്ലാ വിഭാഗം ആളുകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനാണ് സാമ്പത്തിക സഹായം.

ബോളിവുഡ് സിനിമാ ആസ്വാദര്‍ ഏറെയുളള രാജ്യമാണ് സൗദി അറേബ്യ. ഹിന്ദിക്ക് പുറമെ അറബി ഭാഷയിലേക്ക് മൊഴിമാറ്റിയ ചിത്രങ്ങള്‍ക്ക് ഏറെ ആരാധകരാണ് സൗദിയിലുളളത്. സല്‍മാന്‍ ഖാനും ഖാരൂഖ് ഖാനും ആരാധകര്‍ ഏറെയുളളതുകൊണ്ടാണ് ഇവരുടെ സ്‌റ്റേജ് ഷോകള്‍ സൗദിയില്‍ വന്‍ തരംഗമായി മാറിയത്.

സൗദി ചലചിത്ര പ്രവര്‍ത്തകരോടൊപ്പം ഇന്ത്യന്‍ സിനിമാ ലോകത്തുളളവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനുളള അവസരം സൃഷ്ടിക്കുന്നതിനുളള ചുവടുവെപ്പുകളാണ് നടക്കുന്നത്. സൗദിയിലെ പ്രകൃതി ഭംഗി പുറം ലോകത്തെ പരിചയപ്പെടുത്തുന്നതിന് ഹിന്ദി സിനിമക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയുടെ പ്രകൃതി ഭംഗി സിനിമകള്‍ വഴി പുറം ലോകത്തെത്തിക്കുന്നതിന് ഫിലിം അല്‍ ഉല എന്ന പേരില്‍ പുതിയ വകുപ്പ് അല്‍ ഉല റോയല്‍ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. സിനിമാ സ്റ്റുഡിയോകള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സുപ്രധാന ലക്ഷ്യസ്ഥാനമായി അല്‍ ഉലയെ മാറ്റുകയാണ്പുതിയ വകുപ്പിന്റെ ലക്ഷ്യം.

ഷൂട്ടിംഗ് ലൊക്കേഷനുകള്‍ക്ക് അനുയോജ്യമായ നിരവധി പ്രദേശങ്ങളാണ് യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഉലയില്‍ ഉളളത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ചരിത്ര സ്മാരകങ്ങളുമാണ് അല്‍ ഉലയുടെ പ്രത്യേകത.

ചലച്ചിത്ര വ്യവസായ മേഖലയില്‍ രാജ്യത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുളള വിഷന്‍ 2030ന്റെ ഭാഗമായാണ് റോയല്‍ കമ്മീഷന്‍ പുതിയ ദൗത്യം ഏറ്റെടുത്തത്.

അന്താരാഷ്ട്ര സിനിമാ നിര്‍മ്മാതാക്കളും ഹോളിവുഡ് ചിത്രങ്ങളും അല്‍ ഉലയില്‍ ചിത്രീകരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. അല്‍ ഉലയില്‍ ‘ബെയ്ന്‍ അല്‍ റിമ’, ‘നൂറ’ എന്നീ സിനിമകളുടെ ചിത്രീകരണത്തിനുളള നടപടികളും ആരംഭിച്ചു.

സൗദി അറേബ്യയില്‍ കമേഴ്‌സ്യല്‍ തിയറ്ററുകള്‍ 2018 മാര്‍ച്ച് മുതലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. സിനിമ പ്രദര്‍ശനത്തിന് ചെറിയ തീയറ്ററുകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ 35 വര്‍ഷം മുമ്പ് ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. തീയറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 90 ബില്യണ്‍ റിയാലിന്റെ വരുമാനവും മുപ്പതിനായിരം സ്വദേശികള്‍ക്ക് തൊഴിലവസരവും ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൗദി അറേബ്യയില്‍ തീയറ്ററിലെത്തി സിനിമാ ആസ്വദിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019നെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം 60 ശതമാനത്തിലധികം വര്‍ധിച്ചു. കൊവിഡ് കാലത്ത് നിയന്ത്രണങ്ങളോടെയാണ് തീയേറ്ററുകള്‍ പ്രവര്‍ത്തിച്ചത്. പ്രേക്ഷകരുടെ എണ്ണം 50 ശതമാനമായി കുറക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. സൗദിയിലെ സിനിമാ തീയേറ്ററുകളില്‍ 2019ല്‍ 40 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍ 2020ല്‍ 66 ലക്ഷം സിനിമാ ടിക്കറ്റുകള്‍ വില്‍പന നടന്നു. തലസ്ഥാനമായ റിയാദില്‍ 34 ലക്ഷം ടിക്കറ്റുകളാണ് ചെലവായത്. ജിദ്ദയില്‍ 21 ലക്ഷവും ദമാമില്‍ 5.43 ലക്ഷവും ടിക്കറ്റഴിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും കൂടുതല്‍ തീയറ്ററുകള്‍ തുറക്കുകയും ചെയ്തതോടെ ഈ വര്‍ഷം ടിക്കറ്റ് വിത്പ്പന കോടി കടക്കുമെന്നാണ് സൂചന.

സൗദിയിലെ ചെറുകിട, ഇടത്തരം നഗരങ്ങളില്‍ സിനിമാ തീയറ്ററുകള്‍ തുടങ്ങാന്‍ ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. വന്‍ നഗരങ്ങള്‍ക്ക് പുറമെ രാജ്യത്തെ ചെറുകിട, ഇടത്തരം നഗരങ്ങളിലേക്കു തീയറ്ററുകള്‍ വ്യാപിപ്പിക്കുന്നതിനാണ് പ്രോത്സാഹനം. തീയറ്റര്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേഗം ലൈസന്‍സ് നേടുന്നതിന് ആവശ്യമായ സഹായവും നല്‍കും.

ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുളള 45 നഗരങ്ങളും 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുളള 45 നഗരങ്ങളുമാണുളളത്. ഇവിടങ്ങളില്‍ തീയറ്ററുകള്‍ തുടങ്ങുന്നതിന് നിക്ഷേപകരെ കണ്ടെത്തുകയാണ് ലക്ഷ്യം.

2020ലെ കണക്കുകള്‍ പ്രകാരം പശ്ചിമേഷ്യയിലെ സിനിമാ പ്രേക്ഷകരില്‍ മൂന്നാം സ്ഥാനമാണ് സൗദി അറേബ്യക്കുളളത്. അതുകൊണ്ടുതന്നെ സിനിമാ വ്യവസായത്തിന് മികച്ച സാധ്യതയാണ് രാജ്യത്തുളളത്. രാജ്യത്തെ ഏഴ് നഗരങ്ങളില്‍ പുതുതായി ലൈസന്‍സ് നേടിയ 27 തീയറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാണ്.

തീയറ്ററുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുളള ചുമതല സൗദി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ-വിഷ്വല്‍ മീഡിയ എന്ന സ്ഥാപനത്തിനാണ്. വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്ത് സമഗ്ര പരിഷ്‌കരണമാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് തീയറ്ററുകള്‍ തുറന്നത്. സൗദിയിലുളളവര്‍ വിനോദ-സാംസ്‌കാരിക പരിപാടികള്‍ക്കായി ചെലവഴിക്കുന്ന തുക 2.9 ശതമാനമാണ്. ഇത് 2030 ആകുന്നതോടെ ആറു ശതമാനമായി ഉയരും. ഇത് വിദേശങ്ങളില്‍ ചെലവഴിക്കാതെ സൗദിയില്‍ വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് വിനോദ മേഖലയില്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.

Content highlights :

MORE IN entertainment

Leave a comment

Your email address will not be published. Required fields are marked *