
കൊവിഡ് കാലം പലര്‍ക്കും പല അനുഭവങ്ങളാണ് സമ്മാനിച്ചത്. എന്നാല്‍ കൊവിഡ് കാലത്ത് രണ്ട് റെക്കോര്‍ഡ് നേടിയ കഥയാണ് 13 വയസുകാരനായ മലയാളി ബാലന് പറയാനുളളത്. പെന്‍സില്‍ ഉപയോഗിച്ച് രേഖാ ചിത്രം വരച്ചാണ് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യാ ബുക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയത്.
ഡോ. രാജേന്ദ്ര പ്രസാദ് മുതല്‍ രാം നാഥ് കോവിന്ദ് വരെയുളള ഇന്ത്യയുടെ 14 പ്രസിഡന്റുമാര്‍, ജവഹര്‍ലാല്‍ നെഹ്‌റുമുതല്‍ നരേന്ദ്ര മോദി വരെയുളള 15 പ്രധാനമന്ത്രിമാര്‍. ഇവരുടെ രേഖാ ചിത്രമാണ് റിയാദില്‍ ഐ ടി ഉദ്യോഗസ്ഥനായ സുനില്‍ സുകുമാരന്റെയും അധ്യാപിക അനു സുനിലിന്റെയും മകന്‍ വചന്‍ സുനില്‍ വരച്ചത്. ഏ ഫോര്‍ പേപ്പറില്‍ പെന്‍സില്‍ ഉപയോഗിച്ച് 29 നേതാക്കളെ വരച്ചാണ് റെക്കോട് നേട്ടം കൈവരിച്ചത്. 2 x 3 വലിപ്പത്തിലാണ് ഓരോ നേതാവിന്റെയും ചിത്രം. അതായത് ആറ് ചതുരശ്ര സെന്റി മീറ്റര്‍. ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടേയുടെ പകുതിയേക്കാള്‍ ചെറുത്. ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ ശരാശരി 15 മിനിട്ടാണ് സമയം എടുത്തത്. ഇതെല്ലാം പരിഗണിച്ചാണ് റെക്കോര്‍ഡ് സമ്മാനിച്ചത്.
ഏ ഫോര്‍ സൈസ് പേപ്പറില്‍ ഒരാളുടെ രേഖാ ചിത്രം വരക്കാന്‍ എളുപ്പമാണ്. വളരെ ചെറിയ രേഖാ ചിത്രങ്ങള്‍ക്ക് ഒരാളുടെ മുഖഛായ നല്‍കാന്‍ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമാണ്. അതാണ് വെല്ലുവിളിയെന്നും വചന്‍ സുനില്‍ പറയുന്നു.
മന്‍മോഹന്‍ സിംഗ്, ഇന്ദിരാഗാന്ധി, ഡോ. എപിജെ അബ്ദുല്‍ കലാം എന്നിവരെ വരക്കാന്‍ എളുപ്പമാണ്. സിക്ക് തലപ്പാവും ഹെയര്‍ സ്‌റ്റൈലുമാണ് പ്രത്യേകത. അവരുടെ മുഖഛായ എളുപ്പം വരക്കാന്‍ കഴിയുമെന്നാണ് വചന്‍ പറയുന്നത്. 10 മിനിറ്റില്‍ എപിജെ അബ്ദുല്‍ കലാമിന്റെ ചിത്രം വരക്കുകയും ചെയ്തു.
(എപിജെയെ വരക്കുന്ന വിഷ്വല്‍ നോക്കുമല്ലോ)
ചെറുപ്പത്തിലേ വരക്കുമെങ്കിലും കൊവിഡ് കാലത്താണ് മനുഷ്യ രൂപങ്ങള്‍ പെന്‍സില്‍ ഉപയോഗിച്ച് വരക്കാന്‍ തുടങ്ങിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ഇവര്‍ കൊവിഡ് കാലത്ത് അവധിക്ക് നാട്ടിലെത്തി. വിമാന സര്‍വീസ് ഇല്ലാതായതോടെ നാട്ടില്‍ കുടുങ്ങി. ഇതാണ് റെക്കോര്‍ഡ് നേട്ടത്തിന് നിമിത്തമായതെന്ന് വചന്റെ അമ്മ അനു സുനില്‍ പറയുന്നു.
പെന്‍സില്‍, കളര്‍ പെന്‍സില്‍, വാട്ടര്‍ കളള്‍ എന്നിവ ഉപയോഗിക്കാനും ഭാവനകളെ കാന്‍വാസില്‍ പകര്‍ത്താനും പരിശീലിക്കുകയാണ് വചന്‍. ദിവസവും ഒന്നിലധികം ചിത്രങ്ങള്‍ വരക്കും. ഗിന്നസ് റെക്കോര്‍ഡ് നേടുകയാണ് ലക്ഷ്യം. എ ത്രി പേപ്പറില്‍ 200 ലോക നേതാക്കളുടെ രേഖാ ചിത്രം ഏറ്റവും കുറഞ്ഞ സമയം എടുത്ത് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നേടാനുളള പരിശീലനത്തിലാണ്. പരമാവധി കുറഞ്ഞ സമയം എടുത്ത് മുഖഛായ വ്യക്തമാക്കാന്‍ കഴിയുന്ന നേതാക്കളുടെ പട്ടിക തയ്യാറാക്കി. ഇത് വരച്ച് പരിശീലനം ആരംഭിക്കുകയും ചെയ്തു.
സൗദിയില്‍ നടത്തിയ നിരവധി ചിത്ര രചനാ മത്സരങ്ങളില്‍ വിജയം നേടി വചന്‍ സുനില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ദേശീയാടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തിലും വിജയം നേടി. പ്രവാസ ലോകത്താണെങ്കിലും മികച്ച പ്രോത്സാഹനമാണ് ലഭിക്കുന്നതെന്ന് സുനില്‍ സുകുമാരന്‍ പറഞ്ഞു.
റിയലസ്റ്റിക് പെന്‍സില്‍ ഡ്രോയിംഗിലും കാരികേചറിലും കൂടുതല്‍ പരിശീലനം നേടാനുളള ഒരുക്കത്തിലാണ് റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ വചന്‍. ഇതിനായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളും കാരികേച്ചറുകളും ശേഖരിച്ച് അതിലെ വരകള്‍ അനുകരിച്ചാണ് രാഷ്ട്ര നേതാക്കളെ വേഗം വരക്കാനുളള പരിശീലനം നടത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഗിന്നസ് റേക്കോര്‍ഡ് നേടാനുളള അപേക്ഷ സമര്‍പ്പിക്കാനുളള കഠിന ശ്രമത്തിലാണ് വചന്‍ സുനില്‍.