റിയാദ്: സൗദി അറേബ്യ ഉത്പ്പാദിപ്പിക്കുന്ന ഈന്തപ്പഴം അന്താരാഷ്ട്ര വിപണിയിലെത്തിക്കാന്‍ നൂതന സൗകര്യം ഒരുക്കുന്നു. ഇതിനായി ഡിജിറ്റല്‍ ബി ടുബി സൗകര്യം ഒരുക്കുമെന്ന് ഡേറ്റ്‌സ് ആന്റ് ഫാംസ് നാഷണല്‍ സെന്റര്‍ അറിയിച്ചു.
സൗദിയുടെ ദേശീയ ഉത്പ്പന്നമായി ഈന്തപ്പഴത്തെ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ദ ഹോം ലാന്റ് ഓഫ് ഡേറ്റ്‌സ് എന്ന പേരില്‍ കാമ്പയിനും ആരംഭിച്ചു. രാജ്യത്തെ ഈന്തപ്പഴ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഈന്തപ്പഴം മൊത്തമായി വാങ്ങാനാണ് ഡിജിറ്റല്‍ ബിസിസന് ടു ബിസിനസ് സൗകര്യം ഒരുക്കിയിട്ടുളളത്. ഇതോടെ അന്താരാഷ്ട്ര വിപണിയിലുളള ഉപഭോക്താക്കള്‍ക്ക് ഇടനിലക്കാരില്ലാതെ സൗദി ഈന്തപ്പഴം വാങ്ങാന്‍ അവസരം ലഭിക്കും.
ലോകത്ത് ഈന്തപ്പഴം ഉത്പ്പാദിപ്പിക്കുന്നതില്‍ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനമാണുളളത്. വര്‍ഷം ശരാശരി ഒന്നര കോടി ടണ്‍ ഈന്തപ്പഴമാണ് ഉത്പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം നൂറിലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം കയറ്റി അയച്ചിരുന്നു. വിഷന്‍ 2030ന്റെ ഭാഗമായി കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക വിളകളുടെ ഉത്പ്പാദനത്തിനും വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര വിപണിയില്‍ ഈന്തപ്പഴം എത്തിക്കുന്നതിന് ഡിജിറ്റല്‍ ബിസിനസ് ടു ബിസിനസ് പദ്ധതി നടപ്പിലാക്കുന്നത്.