റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുളള റെമിറ്റന്‍സില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സെന്‍ട്രല്‍ ബാങ്ക്. ഓണ്‍ലൈനില്‍ ദിവസം പരമാവധി 60,000 റിയാല്‍ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതിയുളളൂ. വ്യക്തികള്‍, വ്യക്തികളുടെ പേരിലുളള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പണം അയക്കുന്നതിനു പുതിയ നിയമം ബാധകമാണ്. വിദേശ ട്രാന്‍സ്‌ഫെറുകള്‍ 24 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ വിദേശ രാജ്യങ്ങളിലെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയുളളൂ. ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
ഉയര്‍ന്ന തുക വിദേശങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കിലെത്തി നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി ഉണ്ടാകും. ഓണ്‍ലൈനില്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും താല്‍ക്കാലികമായി മരവിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ബാങ്കുകളുടെ വെബ്‌സൈറ്റുകളോട് സാമ്യമുളള വെബ്‌സൈറ്റുകള്‍ രൂപകത്പ്പന ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി യൂസര്‍ ഐഡി, പാസ്‌വേഡ് എന്നിവ തട്ടിയെടുത്ത് ബാങ്ക് അക്കൗണ്ട് ഉടമകളെ കബളിപ്പിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയിലും വിവിധ ലോക രാജ്യത്തും നടക്കുന്ന ബാങ്ക് തട്ടിപ്പുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ബാങ്ക് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ബാങ്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട് നമ്പരുകള്‍ എന്നിവ കൈമാറരുതെന്നും തട്ടിപ്പും സംഘങ്ങള്‍ പല രൂപത്തില്‍ സമീപിക്കുന്നെും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.