മരുഭൂമിയിലെ മഹാറാലിയായി മാറുകയാണ് സൗദിയില്‍ അരങ്ങേറുന്ന ദാക്കാര്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് റാലി. ഓഫ് റോഡില്‍ നടക്കുന്ന സാഹസിക യാത്രക്ക് ഇന്ത്യന്‍ പ്രതിനിധിയായി മലയാളി യുവാവിന്റെ സാന്നിധ്യവും ഉണ്ട്.
അതി സാഹസികമായി ചീറിപ്പായുന്ന സ്‌പോര്‍ട്‌സ് വാഹനങ്ങള്‍. ഓഫ് റോഡ് റേസില്‍ ആഗോള തലത്തില്‍ പരിചയ സമ്പന്നരായ താരങ്ങള്‍. സൗദി മരുഭൂമിയിലെ മണല്‍ തരികളെ ഇളക്കി മിറച്ച് ചീറിപ്പായുകയാണ് ദാക്കാര്‍ റാലിയിലെ താരങ്ങള്‍. 70 രാജ്യങ്ങളില്‍ നിന്നുളള ആയിരത്തിലധികം മോട്ടോര്‍ റേസ് താരങ്ങളാണ് മത്സരയോട്ടത്തില്‍ പങ്കെടുക്കുന്നത്. ജനുവരി ഒന്നിന് ജിദ്ദയില്‍ മത്സരം ആരംഭിച്ചു. 14ന് ജിദ്ദയില്‍ തന്നെ സമാപിക്കുന്ന രീതിയിലാണ് മത്സരയോട്ടത്തിന് വഴിയൊരുക്കിയിട്ടുളളത്. ചെങ്കടല്‍ തീരപ്രദേശം, റിയാദിന് ചുറ്റുമുള്ള മണ്‍കൂനകള്‍, എംറ്റി ക്വാര്‍ട്ടര്‍, നിയോമിലെ കുന്നുകള്‍, ചെങ്കുത്തായ ഇറക്കങ്ങള്‍, വിശാല മരുഭൂ പ്രദേശം എന്നിവിടങ്ങളിലൂടെയാണ് മത്സരയോട്ടം അരങ്ങേറുന്നത്. 12 ഘട്ടങ്ങളായി നടക്കുന്ന മത്സരം ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ മോട്ടോര്‍ റാലിയാണ്. വിവിധ കാറ്റഗറികളിലായി 578 വാഹനങ്ങള്‍ മാറ്റുരക്കും. 1065 ഡ്രൈവര്‍മാര്‍ 83,775 കിലോ മീറ്റര്‍ ദൈര്‍ഘ്യം മത്സരയോട്ടത്തില്‍ പങ്കെടുക്കും. ദക്കാര്‍ മോട്ടോര്‍ റാലിയുടെ നാല്‍പ്പത്തിനാലാമത് എഡിഷനാണിത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സൗദി അറേബ്യ മോട്ടോര്‍ റാലിക്ക് ആതിഥേയത്വം വഹിക്കുന്നത്.
പടിഞ്ഞാറന്‍ പ്രവിശ്യയായ ജിദ്ദയില്‍ നിന്ന് വടക്ക് പടിഞ്ഞാറന്‍ നഗരമായ ഹായില്‍, അല്‍ അര്‍താവിയ, അല്‍ സൈൂമ വഴി തലസ്ഥാനമായ റിയാദില്‍ എത്തും. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ദവാദ്മി, വാദി ദവാസിര്‍, വഴി ദക്ഷിണ പടിഞ്ഞാറന്‍ പ്രവിശ്യയായ ബിശയിലൂടെ ജിദ്ദയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് മത്സരയോട്ടത്തിന് സഞ്ചാരപാത ഒരുക്കിയിട്ടുളളത്.
മത്സരയോട്ടത്തില്‍ 4 തവണ ജേതാവായ സ്‌റ്റെഫാന്‍ പീറ്റര്‍ ഹാന്‍സല്‍, മൂന്ന് തവണ ചാമ്പ്യന്‍ പട്ടം നേടിയ കാര്‍ലോസ് സയന്‍സ് എന്നിവര്‍ ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ ഹൈബ്രിഡ് വാഹനങ്ങളില്‍ മത്സരിക്കും. മോട്ടോര്‍ ബൈക്ക് കാറ്റഗറിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ടോബി പ്രൈസ്, സാം സന്ദര്‍ലാന്റ്, മതിയാസ് വാക്‌നര്‍, റിക്കി ബാര്‍ബെച്, കെവിന്‍ ബെനാവിദേസ് എന്നിവര്‍ പങ്കെടുക്കും. ഇവരോട് മല്ലിടാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയായ ഹാരിത് നോഹയും എത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ഷോര്‍ണൂര്‍ വാടാനകുര്‍ശി കണയം സ്വദേശിയാണ് ഹാരിത്. സ്‌പെയിന്‍, ഫ്രാന്‍സ്, മൊറോക്കോ എന്നിവിടങ്ങളില്‍ പരിശീലനവും മരുഭൂമിയില്‍ പ്രത്യേക തീവ്രപരിശീലനവും നേടിയാണ് സൗദി മരുഭൂമി അതിജയിക്കാന്‍ ഹാരിത് എത്തിയിട്ടുളളത്. മുംബൈ സ്വദേശി ആശിഷ്‌റാവുവും മത്സരയോട്ടത്തില്‍ പങ്കെടുക്കാന്‍ ഒപ്പമുണ്ട്.
ദാക്കാര്‍ റാലിയില്‍ മത്സരം പൂര്‍ത്തിയാക്കുന്നത് തന്നെ വലിയ നേട്ടം എന്നാണ് വിലയിരുത്തപ്പെടുന്നത്. അത്രമാത്രം ദുഷ്‌കരമായ പാതയിലൂടെ വേണം അതിവേഗം കുതിച്ചു പായാന്‍. ഒളവിലും ചെരുവിലും മണല്‍ കൂമ്പാരങ്ങളിലും പാഞ്ഞുകയറുന്നത് വന്‍ ദുരന്തങ്ങളിലേക്കാവും. ലക്ഷ്യം നേടാനുളള പാച്ചിലില്‍ ടയറുകള്‍ പഞ്ചറാകാം. മണലില്‍ പുതഞ്ഞ് നിയന്ത്രണം നഷ്ടപ്പെടുന്ന അവസരങ്ങളും ഉണ്ട്. ഇതിനിടെ വാഹനങ്ങള്‍ കൈപ്പിടിയിലൊതുക്കി അതിജയിക്കുക എന്നതാണ് മത്സരം. മത്സരത്തിന്റെ സഞ്ചാരപാത സംബന്ധിച്ച് വിശദമായ രൂപരേഖ മത്സരാര്‍ത്ഥികളെ അറിയിക്കില്ല. പരിമിതമായ വിവരങ്ങള്‍ മത്സരത്തിന് മുമ്പ് നല്‍കുമെങ്കിലും ഇത് വിശദമായി പരിശോധിക്കാനും പഠിക്കാനും മത്സരാര്‍ത്ഥികള്‍ക്ക് സമയം ലഭിക്കാറില്ല. ഇത്തരം വെല്ലുവിളികളെ അതിജയിച്ചാണ് ഓരോരുത്തരും മത്സരത്തില്‍ മാറ്റുരക്കുന്നത്.
44 വര്‍ഷത്തെ ദാക്കാര്‍ റാലിയുടെ ചരിത്രത്തില്‍ ഈ വര്‍ഷം വനിതകളും മത്സരയോട്ടത്തില്‍ പങ്കെടുക്കും. രണ്ട് സൗദി വനിതകള്‍ക്ക് മത്സരയോട്ടത്തില്‍ പങ്കെടുക്കാന്‍ സൗദി ഓട്ടോമൊബൈല്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. ദാനിയ അഖീല്‍, മഷേല്‍ അല്‍ ഒബൈദാന്‍ എന്നിവരാണ് സൗദിയെ പ്രതിനിധീകരിക്കുന്ന വനിതാ താരങ്ങള്‍. ഇതിനുപുറമെ, വനിതകളായ മെര്‍സ് മാര്‍ടി, മാര്‍ഗോട് ലബോര എന്നിവരും മത്സരിക്കുന്നുണ്ട്.
മരുഭൂമിയിലെ വിസ്മയ പ്രകടനങ്ങള്‍ അവിസ്മരണീയമാക്കാന്‍ ഫ്രാന്‍സിലെ മാഴ്‌സെയില്‍നിന്ന് രണ്ട് കപ്പലുകളില്‍ ആയിരത്തിലധികം സ്‌പോര്‍ട്‌സ് വാഹനങ്ങളാണ് സൗദിയിലെത്തിച്ചത്. മോട്ടോര്‍ ബൈക്, എടിവി ക്വാഡ്, കാര്‍, യുടിവി, ട്രക് തുടങ്ങിയ കാറ്റഗറികളിലായി 430 വാഹനങ്ങളും ‘ദാക്കാര്‍ ക്ലാസിക്’ വിഭാഗത്തില്‍ 148 വാഹനങ്ങളും അണിനിരക്കും. അമൗരി സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനും സൗദി ഓട്ടോമൊബൈല്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷനും സംയുക്തമായാണ് ദാക്കാര്‍ റാലി ഒരുക്കിയിട്ടുളളത്. വിജയികള്‍ക്ക് 16 ലക്ഷത്തിലധികം ഡോളര്‍ സമ്മാനത്തുക വിതരണം ചെയ്യും. ആവേശകരമായ റാലിയുടെ സമാപനം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് കായിക പ്രേമികള്‍.