സഹസ്രാബ്ദങ്ങളുടെ ചരിത്രവും പൈതൃകവും വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളാണ് സൗദിയിലെ പൗരാണിക നഗരങ്ങള്‍. അത്തരത്തില്‍ അല്‍ ജൗഫ് പ്രവിശ്യയിലെ സകാക്കയിലുളള രജാജില്‍ താഴ്‌വരയിലെ കല്‍ത്തൂണുകളുടെ വിശേഷങ്ങളാണ് ഇനി.
സഞ്ചാരികളെ ആകര്‍ഷിക്കുന്ന അക്ഷയകനിയാണ് സൗദി അറേബ്യയിലെ അതിപുരാതന നഗരങ്ങള്‍. പൗരാണിക നഗരങ്ങളുടെ തലസ്ഥാനം എന്നാണ് അല്‍ ജൗഫ് പ്രവിശ്യയെ വിശേഷിപ്പിക്കുന്നത്. അല്‍ ജൗഫിന്റെ തലസ്ഥാനമായ സകാക്കയുടെ തെക്ക് ഭാഗത്ത് ക്വറ ഗ്രാമത്തിന്റെ പ്രാന്തപ്രദേശമാണ് രജാജില്‍ താഴ്‌വര. ആറായിരം വര്‍ഷം പഴക്കമുളള കല്‍ത്തൂണുകള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുളള നാഗരികതയുടെ അടയാളമാണ്.
ദൂരെ നിന്ന് നോക്കിയാല്‍ രണ്ടോ മൂന്നോ ആളുകള്‍ ചേര്‍ന്ന് നില്‍ക്കുന്ന രൂപമാണ് രജാജില്‍ താഴ്‌വരയില്‍ ദൃശ്യമാവുക. അതുകൊണ്ടാണ് പുരുഷന്‍ എന്ന അര്‍ത്ഥത്തില്‍ ‘അല്‍ രാജാജില്‍’ എന്ന് ഈ പ്രദേശത്തെ വിളിക്കുന്നത്. ശീതകാലം തുടങ്ങിയതോടെ നിരവധി സഞ്ചാരികളാണ് രജാജില്‍ താഴ്‌വര സന്ദര്‍ശിക്കുന്നത്.
50 കല്‍ത്തൂണുകളും നിലത്ത് കിടക്കുന്ന നിരവധി തകര്‍ന്ന തൂണുകളും ഇവിടെ കാണാം. ചില കല്‍ തൂണുകള്‍ക്ക് മൂന്ന് മീറ്ററില്‍ കൂടുതല്‍ ഉയരവും 60 സെന്റീമീറ്റര്‍ വീതിയുമുണ്ട്. സ്റ്റാന്റ് സ്‌റ്റോണ്‍ എന്ന് ഗവേഷകര്‍ വിളിക്കുന്ന ഇവിടെയുളള ഓരോ കല്‍ത്തൂണും ഒറ്റപ്പാറയില്‍ കൊത്തിയെടുത്ത ഏക ശിലയാണ്. ഓരോ കല്‍ത്തൂണ്‍ കൂട്ടത്തിനും രണ്ട് മുതല്‍ പത്ത് വരെ ചെറുതും വലുതുമായ ഏകശിലാ തൂണുകളാണുളളത്. ഭൂ നിരപ്പിന് മുകളില്‍ മൂന്ന് മീറ്റര്‍ ഉയരവും 60 സെന്റി മീറ്റര്‍ വീതിയും 40 സെന്റിമീറ്റര്‍ വണ്ണവുമുളള ശില ഒരു മീറ്ററിലധികം താഴ്ചയില്‍ കുഴിച്ചിട്ട നിലയിലാണ് ഉയര്‍ന്നു നിഫക്കുന്നത്. ചില തൂണുകള്‍ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്നു. മറ്റു ചിലതാകട്ടെ നിലം പതിച്ച നിലയിലും ചിന്നഭിന്നമായും കിടക്കുന്നു.
ബ്രിട്ടനിലെ സ്‌റ്റോണ്‍ഹെഞ്ചിനോട് സാമ്യമുള്ള കല്‍തൂണുകളാണ് ഇവിടെ ഉളളതെന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സൗദിയിലെ സ്‌റ്റോണ്‍ഹെഞ്ച് എന്നും രജാജില്‍ താഴ്‌വരയെ വിശേഷിപ്പിക്കാറുണ്ട്. ക്രിസ്തുവിന് മുമ്പ് നിര്‍മിച്ച ആരാധനാലയത്തിന്റേതാണ് രാജാജില്‍ ശിലകള്‍ എന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വ്യത്യസ്ത ആരാധനാലയങ്ങളുടെ സമുച്ചയമായിരിക്കാം രജാജില്‍ എന്നു കരുതുന്നവരുമുണ്ട്. ഓരോ കൂട്ടം കല്‍തൂണുകളും
ഏതെങ്കിലും ഒരു ജന വിഭാഗത്തിന്റേതായിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ഗോത്രങ്ങളുടേതാവാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ഈ പ്രദേശത്തുകാരല്ലാത്ത മനുഷ്യ സമൂഹം മതപരമായ ആചാരങ്ങള്‍ക്കായി ഇവിടെ സന്ദര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതൊരു മതകേന്ദ്രമായിരുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്. നിഴല്‍ നോക്കി സമയം കണ്ടെത്താനുളള സൂചികയാണെന്നും കച്ചവടക്കാര്‍ക്കുളള വഴിയാടയാളമാണ് രജാജില്‍ ശിലകളെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ രജാജില്‍ അതിപുരാതന സ്മശാനമായിരുന്നു എന്നാണ് ബഹുഭൂരിപക്ഷം ചരിത്രകാരന്‍മാരും ഗവേഷകരും രേഖപ്പെടുത്തിയിട്ടുളളത്.
സൗദിയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ആന്റിക്വിറ്റീസ് ആന്‍ഡ് മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ 1975-76 കാലഘട്ടത്തില്‍ രാജാജില്‍ നിരകളെ സംബന്ധിച്ച് പഠനവും ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. ഖനനത്തിലൂടെ നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തി. മനുഷ്യനിര്‍മ്മിതമായ കല്ലുപകരണങ്ങള്‍, എല്ലുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. ഇവയെല്ലാം ബിസി 4000ത്തിലെ വെങ്കല യുഗത്തിന് സമാനമാണെന്നും വിലയിരുത്തപ്പെടുന്നു. രജാലില്‍ താഴ്‌വരയുടെ പൈതൃകം തേടി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നിഗൂഢമായ ഏകശിലാ രഹസ്യങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ ഉത്ഖനനം ആവശ്യമെന്നാണ് ഗവേഷകര്‍ പറയുന്നത്.