റിയാദ്: സൗദിയില്‍ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കറഞ്ഞുവരുകയാണെന്ന് ഗതാഗത മന്ത്രി എഞ്ചിനീയര്‍ സ്വാലിഹ് അല്‍ ജാസിര്‍. ഒരു ലക്ഷം പേരില്‍ 28.8 എന്ന മരണ നിരക്കില്‍ നിന്ന് 13.3 ആയി കുറക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
വാഹനാപകടങ്ങളില്‍ സംഭവിക്കുന്ന മരണത്തില്‍ ലോകത്ത് തന്നെ ഇറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അഞ്ച് വര്‍ഷം മുമ്പുവരെ സൗദിയില്‍ രേഖപ്പെടുത്തിയത്. വര്‍ഷം ഒരു ലക്ഷം പേരില്‍ 28.8 എന്നതായിരുന്നു മരണ നിരക്ക്. ഇതോടെ രാജ്യത്ത് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരങ്ങളാണ് മരണ നിരക്ക് കുറക്കാന്‍ ഇടയാക്കിയത്. ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കുളള പിഴ സംഖ്യ വര്‍ധിപ്പിച്ചു. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴ സംഖ്യ ഈടാക്കി. ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന് പ്രത്യേക സമിതി രൂപീകരിച്ചു. അപകട മരണ നിരക്ക് 8 ആയി കുറക്കുകയാണ് ലക്ഷ്യമെന്നും എഞ്ചിനീയര്‍ സ്വാലിഹ് അല്‍ ജാസിര്‍ പറഞ്ഞു.
ഗതാഗത മേഖലയില്‍ സമഗ്ര പരിഷ്‌കരണം ലക്ഷ്യമാക്കി വിപുലമായ പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. പടിഞ്ഞാറന്‍ പ്രവിശ്യയുമായി തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്ന റെയിഫവേ ശൃംഖല അതില്‍ പ്രധാനമാണ്. ജോര്‍ദാന്‍ അതിര്‍ത്തിവരെ നിലവില്‍ റെയില്‍വേ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇറാഖ് കൂടുതല്‍ സുരക്ഷിതമാകുന്നതോടെ റെയില്‍ ശൃംഖല നീട്ടാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.