സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഭൂഗര്‍ഭ ജലം ലഭ്യമായ പ്രദേശമാണ് സൗദിയിലെ മദായിന്‍ സാലെഹ്. അതുകൊണ്ടുതന്നെ മനുഷ്യ വാസവും അവിടെ ഉണ്ടായിരുന്നു. ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച കൂറ്റന്‍ ശവകുടീരമാണ് ഇവിടുത്തെ പ്രത്യേകത. അതിന്റെ വിശേഷങ്ങളിലേക്ക്.
യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ സൗദിയിലെ ആദ്യത്തെ പ്രദേശമാണ് മദായിന്‍ സാലെഹ്. മദീന പ്രവിശ്യയുടെ വടക്ക് അല്‍ഉല പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിനുളള സുപ്രധാന തെളിവാണ് ഇവിടെയുളള ശവകുടീരങ്ങള്‍. 130തിലധികം ശവകുടീരങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ ഉത്ഖനനം നടത്തിയ ഗവേഷകര്‍ നാല് ശവകുടീരങ്ങളെ പ്രത്യേകം എടുത്തു പറയുന്നുണ്ട്. വിശാലമായ പ്രദേശത്ത് ഒറ്റക്ക് സ്ഥിതി ചെയ്യുന്ന ഖസര്‍ അല്‍ ഫരീദ്. ഇതിന്റെ ഒരു ഭാഗം മാത്രമാണ് ചെത്തിയൊരുക്കി മനോഹരമാക്കിയിട്ടുളളത്. ബാക്കിയുളള ഭാഗം കൂറ്റന്‍ ചെങ്കല്‍ കുന്നായി ഇന്നും നിലനില്‍ക്കുന്നു. 16 മീറ്റര്‍ ഉയരമുളള ഖസര്‍ അല്‍ ബിന്ത് ആണ് മറ്റൊന്ന്. ജബല്‍ അല്‍ മഹ്ജര്‍ എന്നറിയപ്പെടുന്ന മറ്റൊരു ശവകുടീരത്തില്‍ നാല് ശവകുടീരങ്ങള്‍ സ്വതന്ത്രമായി നിലനില്‍ക്കുന്നു. 19 ശവകല്ലറകള്‍ ഉള്‍പ്പെടുന്ന ഏരിയ സി എന്ന ശവകുടീരവും ഇവിടെ കാണാം. മദായിന്‍ സാലഹിന്റെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ ശവകുടീരങ്ങളും അടുത്ത കാലത്ത് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണത്തിന്റെ പ്രത്യേകത, രൂപകല്പനയിലെ വൈവിധ്യം ഇതെല്ലാമാണ് ശവകുടീരങ്ങളെ ആകര്‍ഷിക്കുന്നത്. വിശാല മരുഭൂമിയില്‍ ഉറച്ചു നില്‍ക്കുന്ന കൂറ്റന്‍ കുന്നുകള്‍ ചെത്തിയൊരുക്കിയാണ് ശവകുടീരങ്ങള്‍ തയ്യാറാക്കിയിട്ടുളളത്.
അതിപുരാതന സമൂദ് ഗോത്രമാണ് ഇവിടെ വസിച്ചിരുന്നത്. അതിന് ശേഷം പ്രവാചകനായ സാലിഹിന്റെ പേരില്‍ ഈ പ്രദേശം ‘സാലിഹ് നഗരങ്ങള്‍’ എന്ന അര്‍ഥം വരുന്ന മദായിന്‍ സാലിഹ് എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഇത് ഓട്ടോമന്‍ അധിനിവേശകാലത്താണ് ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഈ നഗരം നിര്‍മ്മിച്ചത് നബാതിയന്‍ കാലഘട്ടത്തിലാണ്. ഹെഗ്‌റ എന്നും ഈ പ്രദേശം അറിയപ്പെടുന്നു.
പുരാതന യെമനില്‍ നിന്നുളള അറബ് വ്യാപാരികളാണ് നബാതിയന്‍ ജനത. നബാതിയന്‍ രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ ജോര്‍ദാന്‍ ആയ പെട്ര ആയിരുന്നു. 600ലധികം ശവകുടീരങ്ങള്‍ നിര്‍മിച്ച നബാതിയന്‍ സാമ്രാജ്യത്തിലെ രണ്ടാമത്തെ വലിയ നഗരമായിരുന്നു മദായിന്‍ സലെഹ് എന്നാണ് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്.
സൗദി-ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍ ഇപ്പോഴും ഖനനം ചെയ്തുകൊണ്ടിരിക്കുന്ന പാര്‍പ്പിട കേന്ദ്രങ്ങളില്‍ ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കോമ്പൗണ്ട് ഭിത്തി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 60 ഹെക്ടര്‍ പ്രദേശത്താണ് ഇതുളളത്.
നഗരത്തിന്റെ തെക്ക് സൈനിക താവളമായിരുന്നെന്നും ഉത്ഖനനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നാല് ശവകുടീരങ്ങളിലെ ലിഖിതങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നു. ശവകുടീരങ്ങള്‍ നബാതിയന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥരാണെന്ന് സൂചിപ്പിക്കുന്നു. റോമന്‍ അധിനിവേശത്തിനു ശേഷം ഒരു നൂറ്റാണ്ട് റോമന്‍ സൈന്യം മദായിന്‍ സലെഹില്‍ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്.
ജനവാസ കേന്ദ്രമായ ഇവിടെ നിന്ന് ജനങ്ങള്‍ അടുത്തുള്ള അല്‍ഉല നഗരത്തിലേക്ക് മാറി താമസം തുടങ്ങി എന്നാണ് അനുമാന. അന്നുമുതല്‍, വ്യാപാര വ്യാപാരികളും ഇസ്ലാമിക കാലഘട്ടത്തില്‍ സിറിയയില്‍ നിന്നുളള തീര്‍ത്ഥാടകരും മദായിന്‍ സാലിഹ് സന്ദര്‍ശിക്കുക പതിവായിരുന്നു എന്നാണ് ചരിത്രം.
2008ല്‍ ആണ് യുനസ്‌കോ പൈതൃക നഗരമായി മദായിന്‍ സാലിഹിനെ അംഗീകരിച്ചത്. ഈ പ്രദേശം സംരക്ഷിക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ട് വര്‍ഷം അടച്ചിട്ടിരുന്നു. അടുത്ത കാലത്താണ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്. വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുളള ഈ പ്രദേശത്ത് നിരവധി അടിസ്ഥാന സൗകര്യ വികസനവും നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അല്‍ ഊല സന്ദര്‍ശിക്കുന്നവരുടെ തിരക്ക് വര്‍ധിച്ചു വരുകയാണ്.
അല്‍ ഊല റോയല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ വിപുലമായ സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുളളത്. സന്ദര്‍ശകര്‍ക്ക് സൗദി കോഫിയും ഈന്തപ്പഴവും നല്‍കി പരമ്പരാഗത രീതിയില്‍ ഊഷ്മള സ്വീകരണമാണ് നല്‍കുന്നത്.
സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്ക് മദാഇന്‍ സാലിഹിന്റെ ഉളളിലേക്ക് പ്രവേശനമില്ല. 95 റിയാലാണ് ടിക്കറ്റ് നിരക്ക്. ഗൈഡിനോടൊപ്പം ബസില്‍ രണ്ടു മണിക്കൂറിലധികം വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
അല്‍ ഉലയുടെ പ്രകൃതി ഭംഗി സിനിമകളിലൂടെ പ്രേക്ഷകരിലെത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ചലചിത്ര പ്രവര്‍ത്തകരെ അല്‍ ഉലയിലേക്ക് ആകര്‍ഷിക്കുന്നതിന് ഫിലിം അല്‍ ഉല എന്ന പേരില്‍ പുതിയ വകുപ്പും അല്‍ ഉല റോയല്‍ കമ്മീഷന്‍ രൂപീകരിച്ചു. സിനിമാ സ്റ്റുഡിയോകള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സുപ്രധാന ലക്ഷ്യസ്ഥാനമായി അല്‍ ഉലയെ മാറ്റുന്നതിനാണ് പുതിയ വകുപ്പ്.
ഷൂട്ടിംഗ് ലൊക്കേഷനുകള്‍ക്ക് അനുയോജ്യമായ നിരവധി പ്രദേശങ്ങളാണ് ഇവിടെ ഉളളത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ചരിത്ര സ്മാരകങ്ങളുമാണ് അല്‍ ഉലയെ ആകര്‍ഷകമാക്കുന്നത്.