റിയാദ്: പ്രവാസി സംസ്‌കാരിക വേദി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് സാജു ജോര്‍ജ്ജ് ആമുഖപ്രഭാഷണം നടത്തി.
സൗഹൃദം പൂത്തിരുന്ന ഇടങ്ങള്‍ കുറഞ്ഞ് കൊണ്ടിരിക്കുന്ന കാലമാണിതെന്ന് റമദാന്‍ സന്ദേശം നല്‍കിയ റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. കുടുംബത്തിലേക്കും സ്വന്തം സംഘടനയിലേക്കും ഉള്‍വലിയുകയും മറ്റുള്ളവരെ ചേര്‍ത്ത് പിടിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന കാലമാണിത്. മനുഷ്യന്‍ അനുഭവികുന്ന വലിയ ശിക്ഷയാണ് അന്യവത്കരണവും അപരവത്കരണവും. ഇത് വ്യാപകമാവുന്ന കാലത്ത് അവരിലേക്ക് ഇറങ്ങിച്ചെല്ലാനും ചേര്‍ത്ത് പിടിക്കാനും നോമ്പ് നമ്മെ സജ്ജമാക്കുന്നു. മറ്റുള്ളവര്‍ കൂടിയുണ്ടാകുമ്പോഴാണ് ജീവിതം മനോഹരമാവുന്നത് എന്ന സമഭാവനയുടെ പാഠമാണ് ഇഫ്താര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വൈറസിന്റെ മുന്നില്‍ ഭയന്നു വിറച്ച മനുഷ്യരും രാജ്യങ്ങളുമെല്ലാം വീണ്ടും ഹിംസയുടെ മാര്‍ഗമന്വേഷിക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ പറഞ്ഞു. ഡോ.ജയചന്ദ്രന്‍, ഡോ.ഹസീന ഫുആദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാമൂഹ്യ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകരായ ജയന്‍ കൊടുങ്ങല്ലൂര്‍, വി.ജെ നസറുദ്ദീന്‍, നിഖില സമീര്‍, ഹരികൃഷ്ണന്‍, സുധീര്‍ കുമ്മിള്‍, ഡോ.മീര, ധന്യ ശരത്, ഇബ്രാഹിം സുബ്ഹാന്‍, സായ്‌നാഥ്, മൈമൂന അബ്ബാസ്, ബിന്ദു സാബു, ഫൈസല്‍ കുണ്ടോട്ടി, ഇബ്രാഹിം കരീം, ഷിബു ഉസ്മാന്‍, അസ്‌ലം പാലത്ത്, ഡൊമിനിക് സാവിയോ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
കൊവിഡ് കാലത്തെ മികച്ച സേവനത്തന് ഡോ.ഹസീന ഫുആദിന് ‘പ്രവാസി’യുടെ പ്രശംസാപത്രം പ്രസിഡന്റ് സാജു ജോര്‍ജ്ജ് സമ്മാനിച്ചു. സൈനുല്‍ ആബിദീന്‍, അബ്ദുര്‍റഹ്മാന്‍ മറായി, അംജദ് അലി, ഷഹ്ദാന്‍, ശിഹാബ് കുണ്ടൂര്‍, ഷാനിദ് അലി, അഹ്ഫാന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും ബാരിഷ് ചെമ്പകശ്ശേരി നന്ദിയും പറഞ്ഞു.