റിയാദ്: സൗദി സമ്പദ് ഘടന സുസ്ഥിരതയിലേക്ക് ചുവടുവെക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്റ് പവേഴ്‌സ് സൗദിയുടെ ക്രെഡിറ്റ് റേറ്റിംഗ് ‘എ’ ആയി ഉയര്‍ത്തി. ജിഡിപി വളര്‍ച്ച, സമ്പദ് ഘടനയില്‍ ദൃശ്യമായ മികവ് എന്നിവ പരിഗണിച്ചാണ് ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയത്. 2021ലെ പൊതു ധന കമ്മി കുറഞ്ഞു. രണ്ടാം പാദത്തില്‍ എണ്ണയിതര വരുമാനം ഉയരുകയും ചെയ്തു. ഇത് കറന്റ് അക്കൗണ്ടില്‍ വരുമാനം ഉയര്‍ത്തും. രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉത്പ്പാദനം കഴിഞ്ഞ വര്‍ഷം 3.3 ശതമാനം വര്‍ധിക്കുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് സൗദിക്ക് ക്രെഡിറ്റ് റേറ്റിംഗ് എ നല്‍കിയത്.
വരുമാന ശ്രോതസുകളുടെ വൈവിധ്യവത്ക്കരണം ലക്ഷ്യമാക്കി വിവിധ പദ്ധതികളാണ് വിഷന്‍ 2030 വിഭാവന ചെയ്യുന്നത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും എണ്ണയിതര ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ ലക്ഷ്യം കാണുന്നതായും അടുത്തിടെ പുറത്തുവന്ന വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.