
മക്ക: തീര്‍ഥാടകരെ കരുതലോടെ ചേര്‍ത്തുപിടിച്ച് സേവനത്തിന്റെ കാരുണ്യ ഹസ്തം ചൊരിഞ്ഞ കെഎംസിസി നാഷനല്‍ കമ്മിറ്റി വളന്റിയമാര്‍ ദൗത്യം പൂര്‍ത്തിയാക്കി മിനായില്‍ നിന്ന് വിടപറഞ്ഞു. ഹജ്ജ് സെല്ലിന്റെ കീഴിലാണ് മിന മിഷന്‍ ചരിത്ര ദൗത്യം നിറവേറ്റിയത്. ഹാജിമാര്‍ക്ക് മനസ്സ് നിറഞ്ഞ സേവനം ഒരുക്കിയാണ് കെഎംസിസി പ്രവര്‍ത്തകര്‍ മടങ്ങിയത്. വഴി തെറ്റിയവര്‍ക്ക് വഴികാട്ടിയായും ഒറ്റപെട്ടുപോയവര്‍ക്ക് അത്താണിയായും രോഗബാധിതര്‍ക്ക് ആശ്രയമായും വിശന്നവര്‍ക്ക് ഭക്ഷണമെത്തിച്ചും വിളിക്കപ്പുറത്ത് കെഎംസിസി പ്രവര്‍ത്തകര്‍ കൈതാങ്ങായി.
മക്കയിലേക്ക് മടങ്ങിയ ഹാജിമാര്‍ക്കുള്ള സേവനങ്ങളുമായി മക്ക കെഎംസിസിയുടെ അഞ്ഞൂറിലധികം വളണ്ടിയര്‍മാര്‍ അവസാന ഹാജിയും മക്കയില്‍ നിന്ന് വിടവാങ്ങുന്നത് വരെ കര്‍മ്മ രംഗത്തുണ്ടാകും. അതോടൊപ്പം മദീനയിലെത്തുന്ന ഹാജിമാര്‍ക്ക് സേവനങ്ങളുമായി മദീന കെഎംസിസി പ്രവര്‍ത്തകരും രംഗത്തുണ്ട്. ജിദ്ദ വഴി മടങ്ങുന്ന ഹാജിമാര്‍ക്ക് ഹജ് ടെര്‍മിനലില്‍ ജിദ്ദ കെഎംസിസിയുടെ വളണ്ടിയര്‍ ടീമും സേവനങ്ങളൊരുക്കും .

കാരുണ്യവീഥിയില്‍ കര്‍മോത്സുകതയുടെ പര്യായമായ കെ.എം.സി.സിയുടെ നിസ്വാര്‍ത്ത സേവന പ്രവര്‍ത്തനങ്ങള്‍ വിശുദ്ധ ഭൂമിയിലെത്തിയ തീര്‍ത്ഥാടകര്‍ പ്രശംസിച്ചു. ഇതിന് പുറമെ സൗദി ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡറും ഇന്ത്യന്‍ ഹജ്ജ് മിഷനും കെഎംസിസിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
ആദ്യ ഹജ്ജ് തീര്‍ത്ഥാടകന്‍ ഹജ്ജ് ടെര്‍മിനലില്‍ ഇറങ്ങിയതു മുതല്‍ ഹാജിമാര്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം കെ.എം.സി.സിയുടെ വളണ്ടിയര്‍മാര്‍ സേവനസന്നദ്ധരായി അണിനിരന്നിരുന്നു. ജിദ്ദ, മക്ക, മദീന ഉള്‍പ്പടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ വഴി മികച്ച പരിശീലനം ലഭിച്ച സന്നദ്ധ സംഘം ദുല്‍ഹജ്ജ് എട്ട് മുതല്‍ 13 വരെ മിന, അറഫ, മുസ്ദലിഫ, ഹറം പരിസരം, മശാഇര്‍ റെയില്‍വെ എന്നിവിടങ്ങളില്‍ രാപകലില്ലാതെ കര്‍മ്മ രംഗത്തുണ്ടായിരുന്നു.
കെഎംസിസി നാഷനല്‍ കമ്മിറ്റിക്ക് കീഴിലുള്ള മക്ക, ജിദ്ദ, മദീന കമ്മിറ്റികള്‍ ആദ്യത്തെ ഹാജി മക്കയിലെത്തിയ നിമിഷം മുതല്‍ അവസാനത്തെ ഹാജി മടങ്ങി പോകുന്നത് വരെ പുണ്യഭൂമിയില്‍ കര്‍മ്മ നിരതരാണ്. വിമാനത്താവളത്തില്‍ കെഎംസിസി എയര്‍പോര്‍ട്ട് മിഷന്‍ ഏറെ ശ്ലാഘനീയമായ സേവനമാണ് കാഴ്ച വെച്ചത്. ഇത്തവണ ജിദ്ദയിലെ ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ വിമാനം എത്തിയതു മുതല്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ മാത്രമാണ് സേവനത്തിന് അണിനിരന്നത്. ഹജ്ജ് ടെര്‍മിനലില്‍ നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മക്കയിലെ കെഎംസിസി നേതാക്കള്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ഇതോടെ അധികൃതര്‍ നേരിട്ടെത്തിയാണ് കെഎംസിസിയെ അഭിനന്ദിച്ചത്.
ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തിന് പുറമെ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഹജ്ജിന്റെ കര്‍മങ്ങളും വളണ്ടിയര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അസുഖബാധിതരെ പരിചരിക്കേണ്ട രീതികളും ശാസ്ത്രീയമായ ഭക്ഷ്യ വിതരണവും ഇവരെ പരിശീലിപ്പിച്ചിരുന്നു.
കേരളത്തില്‍ നിന്ന് മഹറമില്ലാതെ ഹജ്ജിനെത്തിയ മുവ്വായിരത്തോളം വനിതാ ഹാജിമാരുടെ ആശ്രയമായിരുന്നു കെഎംസിസിയുടെ പുരുഷ, വനിതാ വളണ്ടിയര്‍മാര്‍. കര്‍മ്മങ്ങള്‍ക്ക് വഴികാട്ടികളായി സമാധാനത്തോടെയും സന്തോഷത്തോടെയും പുണ്യകര്‍മ്മം നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് കരുത്ത് പകര്‍ന്നത് വനിതാ കെഎംസിസിയുടെ പ്രവര്‍ത്തകരായിരുന്നു. കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ വഴിതെറ്റിയവര്‍ക്കും രോഗങ്ങള്‍ മൂലം ഏറെ പ്രയാസം നേരിട്ടവര്‍ക്കും അവര്‍ തുണയായി. അുഴുവന്‍ സമയ വളന്റിയര്‍ സേവനത്തിന് മിനയിലെ ടെന്റുകളില്‍ മക്ക, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നുളള വനിതാ കെഎംസിസി വളണ്ടിയര്‍മാരുണ്ടായിരുന്നു.
കഞ്ഞിയും പാനീയങ്ങളും പഴങ്ങളും വിതരണം ചെയ്തു. ആവ്യക്കാര്‍ക്ക് പാദരക്ഷകളും കുടകളും വീല്‍ച്ചെയറുകളും തുടങ്ങി തീര്‍ഥാടകര്‍ക്ക് ആതിഥ്യമരുളി. ആരാധനകളില്‍ മുഴുകാന്‍ ഹാജിമാര്‍ക്ക് കരുത്തും കരുതലുമായി നിലകൊണ്ട കെഎംസിസി പ്രവര്‍ത്തകരുടെ സേവന പ്രവര്‍ത്തനങ്ങളെ അമൂല്യമായി വാഴ്ത്തിയ ഹാജിമാര്‍ വിടപറയുന്ന വേളയില്‍ നിറകണ്ണുകളോടെ മറക്കില്ലൊരിക്കലുമെന്ന വാക്കുകളും കരളുരുകിയുള്ള പ്രാര്‍ത്ഥനയുമാണ് തിരിച്ചു നല്‍കിയത്.
സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശാസ്ത്രീയമായ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. സൗദി ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട്, ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ അബൂബക്കര്‍ അരിമ്പ്ര, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ജിദ്ദ കെഎംസിസി ഹജ്ജ് സെല്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ ശിഹാബ് താമരക്കുളം എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.