ഹൂതികള്‍ ഭീകരാക്രമണം തുടരുകയാണ്. പലതവണ വെടിനിര്‍ത്തലിന് ധാരണയായെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞിട്ടില്ല. സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍, എണ്ണ ശുദ്ധീകരണ ശാല എന്നിവ ലക്ഷ്യമാക്കി ഹൂതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമണം നടത്തിയിരുന്നു.
2015 മെയ് 5ന് സൗദിയുടെ ദക്ഷിണ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ നജ്‌റാനിലേക്ക് ഹൂതികള്‍ ഷെല്‍ തൊതുത്തു. ഇതോടെയാണ് സൗദിയുടെ നേതൃത്വത്തിലുളള അറബ് സഖ്യസേന ഹൂതികള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തത്. എന്നാല്‍ ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ കൂടുതല്‍ ആക്രമണം തുടങ്ങി.
2022 മാര്‍ച്ച്20ന് ബാലിസ്റ്റിക് മിസൈലും ഡ്രോണും ഉപയോഗിച്ചു. ഊര്‍ജ്ജ ഉത്പാദന കേന്ദ്രം, ജലശുദ്ധീകരണ ശാല, എണ്ണ വിതരണ കേന്ദ്രം എന്നിവയായിരുന്നു ലക്ഷ്യം. എന്നാല്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് തകര്‍ത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
രാഷ്ട്രീയ പരിഹാരം കാണണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും സൗദി ആഗ്രഹിക്കുന്നു. ഇതിനുളള ശ്രമം തുടരുന്നതിനിടെയാണ് ഹൂതികളുടെ പ്രകോപനം. മാത്രമല്ല ജിസിസി വിളിച്ച സമാധാന യോഗത്തില്‍ പങ്കെടുക്കില്ലെന്നീം ഹൂതികള്‍ വ്യക്തമാക്കി. ഹൂതികള്‍ക്ക് ആയുധവും പരിശീലനവും നല്‍കി സഹായിക്കുന്നവര്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കാത്ത കാലത്തോളം സംഘര്‍ഷം തുടരും.
അതേസമയം, ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേന കനത്ത ആക്രമണം കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിയിരുന്നു. ഇതോടെ വെടി നിര്‍ത്തലിന് ഹൂതികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പണവും പരിശീലനവും പടക്കോപ്പുകളും നല്‍കി ഹൂതികളെ ഭീകരാക്രമണങ്ങള്‍ക്ക് ആവശ്യമായ ഉത്തേജനം പകര്‍ന്നു നല്‍കുന്നത് ഇറാനാണ്. ഇത് സാക്ഷ്യപ്പെടുത്തുന്ന നിരവധി തെളിവുകള്‍ സൗദി അറേബ്യയും അറബ് സഖ്യ സേനയും പുറത്തുവിട്ടിട്ടുണ്ട്. മാത്രമല്ല ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഇതു സംബന്ധിച്ച് സമഗ്രമായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും അന്താരാഷ്ട്ര സമൂഹം നിശബ്ദമാണ്.
സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളുമാണ് ഹൂത്തികളുടെ ലക്ഷ്യം. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 459 ബാലിസ്റ്റിക് മിസൈലുകളാണ് ഹൂത്തികള്‍ സൗദി അറേബ്യയിലേക്ക് വിക്ഷേപിച്ചത്. 911 ഡ്രോണുകള്‍, 106 റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചും അക്രമണത്തിന് ശ്രമം നടന്നു. ചെങ്കടലില്‍ അന്താരാഷ്ട്ര ചരക്കു ഗതാഗതം തടസ്സപ്പെടുത്തുന്നതിനും എണ്ണ കയറ്റുമതി അപായപ്പെടുത്തുന്നതിനും സ്ഥാപിച്ച 272 സമുദ്ര മൈനുകള്‍ ഇതിനകം സഖ്യസേന നിര്‍വീര്യമാക്കിയിട്ടുണ്ട്. സൗദിയുടെ അതിര്‍ത്തി നഗരങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും 1,00,830 ഷെല്ലുകള്‍ ഹൂത്തികള്‍ വര്‍ഷിച്ചു. അത്യുഗ്ര നശീകരണ ശേഷിയുളള ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും ഇറാന്‍ നിര്‍മിതമാണ്.
ഹൂത്തികളുടെ അക്രമണങ്ങള്‍ ഐക്യരാഷ്ട്ര രക്ഷാ സമിതി പാസാക്കിയ പ്രമേയങ്ങളുടെ നഗ്‌നമായ ലംഘനമാണ്. യമനില്‍ ആയുധം എത്തുന്നത് രക്ഷാ സമിതി വിലക്കിയിട്ടുണ്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ആവശ്യത്തിന് ആയുധങ്ങളും പടക്കോപ്പുകളും ഇറാന്‍ ഹൂത്തികള്‍ക്ക് എത്തിക്കുന്നുണ്ട്. വെടി നിര്‍ത്തലിനും സമാധാനത്തിനും നടത്തുന്ന ശ്രമങ്ങള്‍ ഹൂത്തികള്‍ നിരന്തരം ലംഘിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുമായും അവരുടെ പ്രതിനിധിയുമായും ഹൂത്തികള്‍ സഹകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സമാധാനവും സാധ്യമാകുന്നില്ല.
അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ക്ഷാമം നേരിട്ടാല്‍ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനായിരിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഹൂതികള്‍ നിരന്തരം നടത്തുന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദിയുടെ മുന്നറിയിപ്പ്. സൗദി അരാംകോയുടെ വിവിധ എണ്ണശുദ്ധീകരണ ശാലകള്‍ക്കു നേരെ ഹൂതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി അക്രമണം നടത്തി. ജിസാന്‍ അല്‍ ശുഖൈഖി സമുദ്ര ജല ശുദ്ധീകരണ ശാല, അരാംകോ എണ്ണ വിതരണ കേന്ദ്രം, ദഹ്‌റാന്‍ അല്‍ ജുനൂബിലെ വൈദ്യുതി വിതരണ നിലയം, ഖമീസിലെ ഗ്യാസ് പ്ലാന്റ്, യാമ്പു ദ്രവീകൃത ഗ്യാസ് പ്ലാന്റ് എന്നിവിടങ്ങളിലെല്ലാ അക്രമണ ശ്രമം നടന്നു. അക്രമണത്തെ തുടര്‍ന്ന് യാമ്പു റിഫൈനറിയില്‍ ഉത്പ്പാദനത്തില്‍ കുറവു വരുത്തുകയും ചെയ്തു.
ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ അക്രമണങ്ങളെ സഖ്യസേന ലക്ഷ്യം കാണുന്നതിന് മുമ്പ് തകര്‍ത്തിരുന്നു. ഇതാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകാന്‍ കാരണം. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് പലസ്ഥലങ്ങളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.
ഹൂതികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം നിലപാട് സ്വീകരിക്കുന്നില്ല. ഹൂതികളെ സഹായിക്കുന്നവര്‍ക്കെതി െനടപടി എടുക്കാത്തതിലും സൗദി അറേബ്യക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയില്‍ ക്ഷാമം നേരിട്ടാല്‍ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനായിരിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയത്.
യമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് മാര്‍ച്ച് 29 മുതല്‍ റിയാദില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ നടത്തുന്ന ചര്‍ച്ചകളുമായി സഹകരിക്കില്ലെന്നാണ് ഹൂത്തികളുടെ നിലപാട്.
സമാധാനം പുനസ്ഥാപിക്കുന്നതിന് രാഷ്ട്രീയ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ ഏഴ് വരെ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച നടത്താനാണ് ജി സി സി തീരുമാനം. ഹൂതികള്‍ ഉള്‍പ്പെടെ യമനിലെ എല്ലാ വിഭാഗം നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
ശാശ്വത വെടിനിര്‍ത്തലിന് കളമൊരുക്കുകയും ഐക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് ജിസിസി ചര്‍ച്ച നടത്തുന്നത്. യമനിലെ സാമൂഹിക ജീവിതം സാധാരണ നിലയില്‍ കൊണ്ടുവരുകയും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുകയും വേണം. യമന്‍ ജനതക്ക് സുരക്ഷിത ജീവിതം ഉറപ്പുവരുത്തുന്നതിനുളള ചര്‍ച്ചകളും സമാധാന യോഗത്തിലെ പ്രധാന അജണ്ടകളാണ്. എന്നാല്‍ സമാധാനം ആഗ്രഹിക്കാത്ത ഹൂത്തികള്‍ ഇതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
യമനില്‍ രാഷ്ട്രീയ പരിഹാരം വേണമെന്നതുറന്ന മനസ്സാണ് സൗദി അറേബ്യ സ്വീകരിച്ചിട്ടുളളത്. യമനിലെ മുഴുവന്‍ കക്ഷികള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന ഭരണകൂടം വേണമെന്ന നിലപാടിനാണ് കൂടുതല്‍ പിന്തുണയുളളത്. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിക്കുന്ന നിലപാടാണ് ഹൂത്തികള്‍ സ്വീകരിക്കുന്നത്.
രാജ്യത്തിനും ജനങ്ങള്‍ക്കും നേരെയുളള അക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും തിരിച്ചടിക്കുമെന്നും സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്ന യമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മാത്രമാണ് സൗദി അറേബ്യ തിരിച്ചടി നല്‍കുന്നത്.
അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ഉത്തരവാദിത്തം പുലര്‍ത്തുകയും പണവും പടക്കോപ്പും വിതരണം ചെയ്യുന്ന ഉറവിടം തിരിച്ചറിഞ്ഞ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ ഹൂത്തി ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ കഴിയുകയുളളൂ.