കെ റെയില്‍ സാധ്യതകളും ആശങ്കകളും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) സെമിനാര്‍ സംഘടിപ്പിച്ചു. റിഫ പ്രസിഡന്റ് നിബു വര്‍ഗീസ് മോഡറേറ്ററായിരുന്നു.
മാനവികതയിലൂന്നിയ രാഷ്ട്രീയവും സാമൂഹിക വികസനവുമാണ് പരിഷ്‌കൃത സമൂഹത്തിന് ആവശ്യമെന്ന് വിഷയം അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ നസ്‌റുദ്ദീന്‍ വി ജെ അഭിപ്രായപ്പെട്ടു.
കൊച്ചി എയര്‍പോര്‍ട്ട് മുതല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വരെ സാക്ഷാത്കരിച്ചത് ഇടതുപക്ഷമാണ്. ഗെയ്ല്‍ പൈപ്‌ലൈനും ദേശീയ പാത വികസനത്തിനും ഇച്ഛാശക്തി കാണിച്ചതും ഇടതു സര്‍ക്കാരാണ്. ദീര്‍ഘവീക്ഷണമുളള വികസന പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് പദ്ധതിയെ അനുകൂലിച്ച ഇടതു സംഘടനാ പ്രതിനിധികളായ കുമ്മിള്‍ സുധീര്‍ (നവോദയ), ഷാജി റസാഖ് (കേളി) എന്നിവര്‍ പറഞ്ഞു.
എട്ടുകാലി മമ്മൂഞ്ഞിന്റെ അവതാരമായി ഇടതുപക്ഷം മാറിയതുകൊണ്ടാണ് കേരളത്തിലെ വികസനം തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പെടുന്നതെന്ന് ഒഐസിസി ജനറല്‍ സെക്രട്ടറി അബ്ദുല്ലാ വല്ലാഞ്ചിറ തിരിച്ചടിച്ചു. പദ്ധതിക്ക് പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ട്. കോടികളുടെ കമ്മീഷന്‍ നേടാനാണ് പദ്ധതി അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന സില്‍വല്‍ ലൈന്‍ കേരളത്തെ രണ്ടായി കീറി മുറിക്കും. പ്രകൃതി ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തും. മാത്രമല്ല, ഭാവി തലമുറയെ കടക്കെണിയിലാഴ്ത്തുമെന്നും കെഎംസിസി പ്രതിനിധി സത്താര്‍ താമരത്ത് പറഞ്ഞു. അജേഷ് കുമാര്‍, (ഐഒഎഫ്), അസീസ് മാവൂര്‍ (ആവാസ്), ധന്യ ഓസ്റ്റിന്‍ (ആക്ടിവിസ്റ്റ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റിഫ ജിമ്മി പോള്‍സണ്‍ സ്വാഗതവും സെക്രട്ടറി പ്രോഗ്രാം കോഡിനേറ്റര്‍ ജയശങ്കര്‍ പ്രസാദ് നന്ദിയും പറഞ്ഞു.