റിയാദ്: ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ വ്യാജ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം. ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വാണിജ്യ മന്ത്രാലയത്തിന്റെ മഅ്‌റൂഫ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഇതിന്റെ എംബ്ലവും വ്യാജമായി ചിലര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് മന്ത്രാലയം വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ വിശ്വാസ ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണം. ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുളളവ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കാന്‍ കഴിയും. ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സ്വദേശികള്‍ക്ക് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അനുവദിച്ചിട്ടുന്ന ഫ്രീലാന്‍സ് ഡോക്യുമെന്റിന്റെ ആധികാരികതയും ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണം. തട്ടിപ്പുകള്‍ക്ക് പുറമെ വ്യക്തിപരമായ വിവരങ്ങളും ബാങ്ക് വിവരങ്ങളും നഷ്ടപ്പെടാതെ ജാഗ്രത പാലിക്കണമെന്നും അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ ആവശ്യപ്പെട്ടു.
വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുകയോ മാറ്റിനല്‍കുകയോ ചെയ്യില്ല എന്ന വാചകം വ്യാപാര സ്ഥാപനങ്ങള്‍ ഉപയോഗിക്കരത്. ഇത് നിയമ ലംഘനമാണ്. സാധനങ്ങള്‍ തിരിച്ചെടുക്കുന്നതിനും മാറ്റിനല്‍കുന്നതിനും സ്ഥാപനങ്ങള്‍ക്കു നയമുണ്ടാകണം. ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഇക്കാര്യങ്ങള്‍ ഹോം പേജില്‍ വ്യക്തമാക്കണം.
കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാര മേഖല വന്‍ വളര്‍ച്ച നേടിയിരുന്നു. ഇതോടെ ഓണ്‍ലൈന്‍ വ്യാപാരവും സ്‌റ്റോറുകളുടെ എണ്ണവും വര്‍ധിച്ചു. കൊവിഡിന് മുമ്പ് 45,000 ഓണ്‍ലൈന്‍ സ്‌റ്റോറുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ 1,10,000 ഓണ്‍ലൈന്‍ സ്‌റ്റോറുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ വ്യാപാരം 37 ശതമാനം വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 5,400 കോടി റിയാലിന്റെ ഓണ്‍ലൈന്‍ വ്യാപാരമാണ് നടന്നത്.