റിയാദ്: ആര്‍ഭാടവും മേനി നടിക്കലും റമദാന്‍ പ്രതീകമായി മാറ്റുന്നവര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിഞ്ചു കുട്ടികളെയും കുടുംബങ്ങളെയും ഓര്‍മ്മയില്‍ സൂക്ഷിക്കണമെന്ന് തൊയ്ബ ഹെറിറ്റേജ് ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനി. ‘വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മര്‍ക്കസിന്റെ കീഴില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ത്വയ്ബ ഹെറിറ്റേജിന്റെയും തൊയ്ബ ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി. സമ്പല്‍ സമൃദ്ധിയുടെയും പ്രതാപത്തിന്റെയും യുഗത്തില്‍ നിന്ന് തകര്‍ന്ന് വീണവരാണ്
ദാരിദ്ര്യം കൊടികുത്തി വാഴുന്ന പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. ഇവിടങ്ങളില്‍ സാമൂഹികമായി പിന്തള്ളപ്പെട്ടുപോയ വലിയൊരു ജനസമൂഹത്തെ പതിമൂന്നു വര്‍ഷമായി വിദ്യാഭ്യാസ, സാംസകാരിക ഉന്നമനത്തിന് ശ്രമിക്കുകയാണ് ത്വയ്ബ ഹെറിറ്റെജ്, തൊയ്ബ ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ. ഇതിന്റെ വിജയത്തിനായി സഹകരണം ഉണ്ടാകണമെന്ന് സുഹൈറുദ്ദീന്‍ നൂറാനി അഭ്യര്‍ത്ഥിച്ചു.
റമളാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സആദ റമളാനിയ’ അഥവാ റമളാന്‍ വിജയം എന്ന പരിപാടി ഹിദായ പാലാഴി ഡയറക്ടര്‍ അബ്ദുറഹ്മാന്‍ മദനി ഉദ്ഘാടനം ചെയ്തു.
ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അഹ്‌സനി ക്യാമ്പയിന്‍ പ്രഖ്യാപനം നടത്തി. പ്രബോധകന്‍ അബ്ദുള്ള സഖാഫി ഓങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ദാന ധര്‍മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ള റമളാനില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതോടൊപ്പം എല്ലാ ഘട്ടത്തിലും ആത്മ സംയമനത്തിന് വലിയ പ്രധാന്യമുണ്ടെന്നും അത് ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോടും വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാതെ നല്ല മനസ്സോടെ റമളാനിനെ സ്വീകരിക്കുമെന്ന പ്രതിജ്ഞ സദസ്സിന് ചൊല്ലിക്കൊടുത്ത് കൊണ്ടാണ് മുഖ്യ പ്രഭാഷണം അവസാനിപ്പിച്ചത്.
വിവിധ പരിപാടികള്‍ കൊണ്ട് ആകര്‍ഷകമായിരുന്നു സആദ റമളാനിയ. മൂന്ന് ദിവസം കൊണ്ട് മൂന്ന് രോഗികള്‍ക്കായി രക്തദാനം ചെയ്ത ഇരുപത്തി ഒന്ന് പേരെ ചടങ്ങില്‍ ആദരിച്ചു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും ഒരുക്കിയിരുന്നു. ഐ സി എഫ് പ്രസിദ്ധീകരണമായ പ്രവാസി വായനയുടെ വരിക്കാര്‍ക്കിടയില്‍ നടത്തിയ നറുക്കെടുപ്പില്‍ വിജയിയായ ജെയ്‌സല്‍ കടലുണ്ടിക്കുള്ള വിമാന ടിക്കറ്റ്, ഗള്‍ഫ് തലത്തില്‍ നടത്തിയ മാസ്റ്റര്‍ മൈന്റ് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അമ്മാര്‍ മുഹമ്മദ്, ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ അമീന്‍ മന്‍സൂര്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍, ഹാദിയ വിമന്‍സ് അക്കാദമി സംഘടിപ്പിച്ച കാലിഗ്രഫി, പ്രബന്ധ രചന വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍, മദ്‌റസ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വിതരണം ചെയ്തു. ലുഖ്മാന്‍ പാഴൂര്‍, ഹുസൈനലി കടലുണ്ടി, അഷ്‌റഫ് ഓച്ചിറ, ഷുക്കൂര്‍ മടക്കര, അബ്ദുല്‍ സലാം പാമ്പുരുത്തി തുടങ്ങിയ നേതാക്കള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഐ സി എഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍, സംഘാടക സമിതി കണ്‍വീനര്‍ ബഷീര്‍ മിസ്ബാഹി എന്നിവര്‍ സംസാരിച്ചു.