ദമ്മാം: മലപ്പുറത്ത് നിന്നു ആഫ്രിക്കയിലേക്ക് ബൈക്കില്‍ യാത്രക്കിറങ്ങിയ ചേലേമ്പ്ര സ്വദേശി ദില്‍ഷാദിന് ദമ്മാം ചേലേമ്പ്ര കൂട്ടായ്മ സ്വീകരണം നല്‍കി. 32 രാജ്യങ്ങള്‍ വഴിയാണ് യാത്ര. സ്വീകരണ യോഗം ചെയര്‍മാന്‍ ഹുസ്സൈന്‍ കുമ്മാളി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുനീര്‍ ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ദര്‍ശന ടിവി ഡപ്യൂട്ടി സി.ഒ ആലിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മദലി (ഓഷ്യാന റെസ്‌റ്റോറന്റ് മാനാജര്‍), ആശിഖ് റഹ്മാന്‍, നസീര്‍ ചെമ്പന്‍ ആശംസകള്‍ നേര്‍ന്നു.
സാഹസിക വെല്ലുവിളികള്‍ നേരിട്ട് ബൈക്കില്‍ നാട് ചുറ്റാനിറങ്ങിയ ദില്‍ഷാദ് ചേലേമ്പ്രക്ക് അഭിമാനമാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മോട്ടാര്‍ ബൈക്കില്‍ വലിയ വാഹനങ്ങള്‍ പോലും പോകാന്‍ മടിക്കുന്ന മണല്‍ മൂടിക്കിടക്കുന്ന 800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒമാന്‍-സൗദി റുബൂഉല്‍ ഖാലി റോഡ് കടന്ന് ദമ്മാമിലെത്തിയ ദില്‍ഷാദിനെ എത്ര അഭിനന്ദിച്ചാലും മതിയായില്ലെന്നും അഭിപ്രായപ്പെട്ടു. ദില്‍ഷാദ് തുടര്‍ന്നുള്ള യാത്രയെ കുറിച്ച് വിശദീകരിച്ചു. ഇന്ത്യയടക്കം 33 രാജ്യങ്ങള്‍ ചുറ്റിക്കറങ്ങണം. ഇന്ത്യയില്‍ നിന്നു മുബൈ വഴി ദുബൈലെത്തി.
അവിടെ നിന്നു റോഡ് മാര്‍ഗം ഒമാന്‍ വഴി സൗദിയിലെത്തിയ കഥകള്‍ വിവരിച്ചു. ഇത് വരെ യാത്ര ചെയ്തതില്‍ നിന്നു ലഭിക്കാത്ത അനുഭവമാണ് സ്വന്തം നാട്ടുകാരുടെ കൂട്ടായ്മ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്ര പോകാനിഷ്ടപ്പെടുന്ന കുട്ടികളെ വിലക്കരുതെന്നും പുസ്തകങ്ങള്‍ വായിച്ച് കിട്ടുന്ന അറിവല്ല യാത്രയിലൂടെ നേടുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദില്‍ഷാദിന്റെ മകള്‍ ആയിഷയുടെ ബര്‍ത്ത് ഡേ എല്ലാവരും കേക്ക് മുറിച്ച് ആഘോഷിച്ചു. വൈസ് പ്രസിഡന്റ് എ വി ഷുക്കൂര്‍, സാദിക്ക് ചോലയില്‍, റസ്സാക്ക് പൊറ്റമ്മല്‍, സലാം കെ എന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, മുഹമ്മദ് മുസ്തൗരിദ് അല്‍ ശൈബാന്‍ ഖിറാഅത്തും സെക്രട്ടറി സലാം മങ്ങാട്ട് സ്വാഗതവും ട്രെഷറര്‍ മഹ്ഷൂഖ് റഹ്മാന്‍ നന്ദിയും പറഞ്ഞു.