റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന സമാധാന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് യമനിലെ ഹൂതികള്‍. യമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഈ മാസം റിയാദില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്നും ഹൂതികള്‍ വ്യക്തമാക്കി.
മാര്‍ച്ച് 29ന് റിയാദിലെ ജിസിസി ആസ്ഥാനത്ത് യമന്‍ സമാധാന ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനിച്ചത്. സമാധാനം പുനസ്ഥാപിക്കുന്നതിന് രാഷ്ട്രീയ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ ഏഴ് വരെ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തുമെന്നാണ് ജി സി സി അറിയിച്ചത്. ഹൂതികള്‍ ഉള്‍പ്പെടെ യമനിലെ എല്ലാ വിഭാഗം നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൂതികളുടെ പ്രതികരണം.
ശാശ്വത വെടിനിര്‍ത്തലിന് കളമൊരുക്കുകയും ഐക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് ജിസിസി ചര്‍ച്ച നടത്തുന്നത്. യമനിലെ സാമൂഹിക ജീവിതം സാധാരണ നിലയില്‍ കൊണ്ടുവരുകയും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുന്നതിനും യോഗം പരിഗണന നല്‍കും. യമന്‍ ജനതക്ക് സുരക്ഷിത ജീവിതം ഉറപ്പുവരുത്തുന്നതിനുളള ചര്‍ച്ചകളും സമാധാന യോഗത്തിലെ പ്രധാന അജണ്ടകളാണ്.