റിയാദ്: കേളി കലാസാംസ്‌കാരിക വേദി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു. റമദാന്‍ മാസത്തില്‍ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിന് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്തദാന ക്യാമ്പ്. മാര്‍ച്ച് 25ന് മലാസിലെ ലുലു മാളില്‍ നടക്കുന്ന ക്യാമ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ തുടരും.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സഫാമക്ക പോളിക്ലിനിക്കും കേളിയോടൊപ്പം രക്തദാന ക്യാമ്പിനായി സഹകരിക്കും. രക്തദാന ക്യാമ്പിനോടാനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനയും ആരോഗ്യ പരിശോധനയും നടക്കും. രക്തദാനം നടത്തുന്നവരുടെ സമ്പൂര്‍ണ്ണ ലാബ് പരിശോധനാ ഫലം വിതരണം ചെയ്യുമെന്ന് ബ്‌ളഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുതൈരി അറിയിച്ചു. രക്തദാന ക്യാമ്പ് വിജയിപ്പിക്കുന്നതിനു കേളി സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍ (കോഓര്‍ഡിനേറ്റര്‍) കേന്ദ്ര കമ്മറ്റി അംഗം സുനില്‍, ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ മധു എടപ്പുറത്ത്, ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, കമ്മറ്റി അംഗങ്ങളായ സുജിത്, സലീം, അനില്‍, സൈബര്‍ വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍, ചെയര്‍മാന്‍ ബിജു തായമ്പത്ത്, നൗഷാദ് എന്നിവരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയതായി കേളി ആക്ടിങ് സെക്രട്ടറി ടി.ആര്‍ സുബ്രഹ്മണ്യന്‍ അറിയിച്ചു.